ഷൊർണൂർ: ഭാരതപ്പുഴയ്ക്ക് കുറുകെ പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെങ്ങണാംകുന്ന് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിൽ. ഓങ്ങല്ലൂർ - ദേശമംഗലം പഞ്ചായത്തുകളിലായി നിർമ്മാണം ആരംഭിച്ച റെഗുലേറ്ററിൽ ഷട്ടറുകൾ സ്ഥാപിക്കുകയും ട്രയൽ റൺ നടപടികൾ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതീകരണ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനും ഗതാഗത പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
നിളയോരത്താണെങ്കിലും ഓങ്ങല്ലൂർ, ദേശമംഗലം മേഖലകളിൽ വേനലെത്തും മുമ്പേ കടുത്ത ജലക്ഷാമം നേരിട്ടു തുടങ്ങും. ജലദൗർലഭ്യത കാർഷികമേഖലയ്ക്കും വലിയ വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് വർഷങ്ങൾക്ക് മുമ്പ് ചെങ്ങണാംകുന്ന് തടയണയെന്ന ആശയം ഉയർന്നുവന്നത്. പക്ഷേ, പലകാരണങ്ങളാൽ പദ്ധതി നീണ്ടുപോകുകയായിരുന്നു. പിന്നീട് 2016ലാണ് പദ്ധതിക്ക് ജീവൻ വെച്ചത്. നിലവിൽ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് വൈദ്യുതീകരണ പ്രവർത്തികളും പൂർത്തീകരിച്ച് മാർച്ചിന് മുമ്പ് പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
ഉദ്ഘാടനം മാർച്ചിൽ
2016ലാണ് ചെങ്ങണാംകുന്ന് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം ആരംഭിച്ചത്
2017ൽ കമ്മിഷൻ ചെയ്യുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നതെങ്കിലും ആ ഉറപ്പ് പാലിക്കപ്പെട്ടില്ല
ഷൊർണൂർ മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിൽ 300 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെഡുലേറ്ററിനും ബ്രിഡ്ജിനും 33 കോടിയാണ് വകയിരുത്തിരുന്നത്
കരാറുകാർക്ക് യഥാസമയം തുക നൽകാൻ കഴിയാത്തതിനാൽ പലവട്ടം നിർമ്മാണം നിലച്ചു.
ഇതിനിടെ രണ്ടു പ്രളയങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു. ശക്തമായ കുത്തൊഴുക്കിൽ ലക്ഷക്കണക്കിന് രൂപയുടെ നിർമ്മാണ സാമഗ്രികൾ ഒലിച്ചുപോയി. പിന്നീട് പുതിയ ടെണ്ടർ നടപടികൾ സ്വീകരിച്ച് 36 കോടി രൂപയുടെ കരാർ നൽകിയാണ് നിർമ്മാണം പുനരാരംഭിച്ചത്.
ആറ് അടി വീതിയിൽ തടയണയ്ക്ക് മുകളിൽ നടപ്പാത ഉൾപ്പെടെയാണ് നിർമ്മിക്കുന്നത്.