ആദ്യദിനം 900 ആരോഗ്യപ്രവർത്തകർ കുത്തിവെയ്പ്പെടുക്കും
പാലക്കാട്: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് ഇന്ന് ആരംഭിക്കും. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 ആരോഗ്യപ്രവർത്തകർ ആദ്യദിവസം കുത്തിവെയ്പ്പെടുക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂർണ സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
രാവിലെ 10 മുതൽ അഞ്ച് വരെയാണ് വാക്‌സിനേഷൻ നടക്കുക. നെന്മാറ, അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നീ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. കൊവിഡ് രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുക. ഇവർക്കു തന്നെ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നൽകും. ഗർഭിണികളേയും 18 വയസിനു താഴെയുള്ളവരേയും കുത്തിവയ്പ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിതരണ കേന്ദ്രങ്ങൾ സജ്ജം
ജില്ലയിൽ മൂന്നു ഘട്ടങ്ങളിലായി നടത്തിയ ഡ്രൈ റൺ വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിതരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ജില്ലാതലത്തിൽ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. വിതരണ കേന്ദ്രം കൂടിയായ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കൊവിഡ് വാക്‌സിൻ രണ്ടു ദിവസങ്ങളിലായി മറ്റു വിതരണ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. 28 ഡിഗ്രി ശീതീകരിച്ച കോൾഡ് ബോക്‌സിലാണ് വാക്‌സിൻ സൂക്ഷിച്ചിട്ടുള്ളത്. വാക്‌സിനേഷന് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും സജ്ജമാണ്. ഓരോ കേന്ദ്രങ്ങളിലും നാല് റൂമുകളാണ് വാക്‌സിനേഷനായി സജ്ജീകരിച്ചിട്ടുള്ളത്. ഒരു വാക്‌സിനേറ്റർ ഓഫീസറും 4 വാക്‌സിനേഷൻ ഓഫീസർമാരും അടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക.
ബുദ്ധിമുട്ടുണ്ടായാൽ എ.ഇ.എഫ്.ഐ സെന്ററുമായി ബന്ധപ്പെടണം
വാക്‌സിനേഷൻ എടുത്തവർക്ക് തുടർദിവസങ്ങളിൽ പ്രത്യേക പരിചരണങ്ങളോ മറ്റോ ആവശ്യമില്ല. അഥവാ വാക്‌സിനേഷന് ശേഷം തുടർ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ആവശ്യമെങ്കിൽ ഓരോ കേന്ദ്രങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള ലിങ്ക്ഡ് എ.ഇ.എഫ്.ഐ സെന്ററിൽ (അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ) ചികിത്സക്കായി എത്തിക്കും. ഓരോ കേന്ദ്രത്തിനും രണ്ട് എ.ഇ.എഫ്.ഐ സെന്ററുകളാണുള്ളത്. പരിശോധനയ്ക്ക് ശേഷം ആദ്യസെന്ററിൽ നിന്നും ആവശ്യമെങ്കിൽ രണ്ടാമത്തെ സെന്ററിലേക്ക് നിർദ്ദേശിക്കും.
ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി എന്നിവയുടെ ആദ്യത്തെ എ ഇ എഫ് ഐ സെന്റർ ജില്ലാ ആശുപത്രിയും അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയും മറ്റ് സാമൂഹിക/പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എ ഇ എഫ് ഐ സെന്റർ അതത് ഏരിയ ഉൾപ്പെടുന്ന താലൂക്ക് ആശുപത്രികളുമാണ്.