പാലക്കാട്: കൊവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും ജില്ലയിൽ തൊഴിലുറപ്പ് ജോലികൾ സജീവം. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച ജോലികൾ കഴിഞ്ഞ ഏപ്രിലാണ് പുനഃരാരംഭിച്ചത്. അന്ന് ദിവസവും ശരാശരി 30,000 പേരാണ് ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് 48,000മായി ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വർഷം ഇതുവരെ കൂലിയിനത്തിൽ 276 കോടി രൂപയാണ് തൊഴിലാളികൾക്കായി നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലയിൽ 88 പഞ്ചായത്തുകളിലായി വിവിധതരത്തിലുള്ള 150 നിർമ്മാണ ജോലികളാണ് പുരോഗമിക്കുന്നത്. കുളം, കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കലുങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവേലി എന്നിവയുടെ നിർമ്മാണങ്ങളാണ് കൂടുതലായി നടക്കുന്നത്. കൊവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ മാനദണ്ഡങ്ങളും പാലിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഒരു ജോലിക്ക് പരമാവധി 20 പേരെയാണ് നിയോഗിക്കുക. ഇവരെ നാലായി തിരിച്ച് അഞ്ചുപേർ വീതം അടങ്ങുന്ന ഗ്രൂപ്പായാണ് പ്രവർത്തനം. നടപ്പ് സാമ്പത്തിക വർഷം 114.96 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതുവഴി 1.60 ലക്ഷം കുടുംബങ്ങൾക്ക് തൊഴിൽ ലഭിക്കും.
50,000 പേർക്ക് തൊഴിൽ നൽകാൻ ജില്ല സജ്ജമാണ്. ജില്ലയിൽ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. തൊഴിലാളികളുടെ പ്രതിദിന കൂലി 271 രൂപയിൽ നിന്ന് 291 ആയി ഉയർത്തി. നിലവിൽ 10519 പേർ നൂറുദിനം തൊഴിൽ പൂർത്തിയാക്കി കഴിഞ്ഞു.
സി.എസ്.ലതിക,
ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, എൻ.ആർ.ഇ.ജി.എസ്.
ജില്ലയിൽ ആകെ തൊഴിൽ കാർഡ് ഉള്ളവർ - 371969
എസ്.സി - 79029
എസ്.ടി - 16839
മറ്റുള്ളവർ - 276101
തൊഴിലെടുക്കുന്നവർ - 160977