നെന്മാറ: സമൃദ്ധിയുടെ പ്രതീക്ഷകൾ നിറച്ച് നെന്മാറയിലെ പാടശേഖരങ്ങൾ കതിരണിഞ്ഞു തുടങ്ങി. രണ്ടാംവിളയിറക്കിയ അയിലൂർ പാടശേഖരങ്ങളിലാണ് നിലവിൽ കതിരുവന്നിരിക്കുന്നത്. സാധാരണ മാർച്ചിന് മുമ്പ് കൊയ്‌തെടുത്തിരുന്ന പാടങ്ങളിൽ പോത്തുണ്ടി ജലസേജനം കാത്തിരുന്നും കൃഷിയിറക്കാൻ വൈകിയതും മൂലം കതിര് നിരന്നു തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ കളപറി, വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. വെള്ളക്കുറവ് ഉണ്ടാകുമെന്ന് കരുതി മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് ഇത്തവണ കർഷകർ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തിന്റെ തോത് അനുസരിച്ച് കർഷകർ വിതയും, ഞാറ്റടിയുമാണ് തയ്യാറാക്കിയിരുന്നത്. തുടക്കത്തിൽ വെള്ളം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വെള്ളം വാർന്നതോടെ കളപറിയും വളപ്രയോഗവും നടത്താൻ കാലതാമസമെടുത്തു. വെള്ളം ലഭിച്ച് വളപ്രയോഗം നടത്തിയ പാടശേഖരങ്ങളാണ് ഇപ്പോൾ കതിരണിഞ്ഞു തുടങ്ങിയിട്ടുള്ളത്. അനുകൂല കാലാവസ്ഥയാണെങ്കിൽ അടുത്തമാസം അവസാനത്തോടെ കൊയ്‌തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.