നെല്ലിയാമ്പതി: പൊങ്കൽ അവധിക്ക് നെല്ലിയാമ്പതി കാണാനെത്തിയ തിരുപ്പൂർ സ്വദേശികളായ രണ്ടുയുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. തിരുപ്പൂർ കാങ്കയം നാച്ചിപ്പാളയം അങ്കാളമ്മൻ നഗർ ബാലസുബ്രഹ്മണ്യന്റെ മകൻ കിഷോർ(22), തിരുപ്പൂർ വെള്ളായങ്കോട് സുധ ഇല്ലത്തിൽ മുത്തുവിന്റെ മകൻ കൃപാകർ(22) എന്നിവരാണ് മരിച്ചത്. കൃപാകറിന്റെ സഹോദരൻ ജ്ഞാനപ്രകാശ്(24) നെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 11.30ന് കാരപ്പാറ പുഴയിൽ വണ്ണാത്തിപ്പാലത്തിനു സമീപമാണ് അപകടം.
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ എട്ടുപേർ രണ്ടുകാറുകളിലാണ് നെല്ലിയാമ്പതി കാണാനെത്തിയത്. 11 മണിയോടെ കാരപ്പാറയിലെത്തിയ സംഘം പുഴയിലിറങ്ങി കുളിച്ചു. കുളികഴിഞ്ഞ് തിരിച്ചുകയറുന്ന സമയം മീൻ പിടിക്കാനായി വീണ്ടും പുഴയിലേക്ക് ഇറങ്ങിയ കൃപാകർ കാൽവഴുതി താഴ്ചയുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി കിഷോറും ജ്ഞാനപ്രകാശും പുഴയിലേക്ക് ചാടുകയായിരുന്നു. ആഴമുള്ളതും ചെളിനിറഞ്ഞ പ്രദേശവുമായതിനാൽ മൂന്നുപേരും മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ജ്ഞാനപ്രകാശിനെ കരയ്ക്കെത്തിച്ചെങ്കിലും മറ്റുള്ളവരെ രക്ഷിക്കാനായില്ല.
കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം കിഷോറിന്റെയും പിന്നീട് കൃപാകറിന്റെയും മൃതദേഹവും കണ്ടെത്തി. പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജ്ഞാനപ്രകാശിനെ കൈകാട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.