ration

ചിറ്റൂർ: താലൂക്കിൽ റേഷൻ കടകളിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണം നിലച്ചിട്ട് 17 ദിവസമായിട്ടും നടപടിയെടുക്കാതെ അധികൃതർ. പുതുവർഷം മുതൽ റേഷൻ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് ജനങ്ങൾ. സപ്ലൈക്കോ ഡിപ്പോയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകാൻ പ്രാദേശിക ടെമ്പോ ഡ്രൈവർമാർ തടസം നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ സിവിൽ സപ്ലൈസ് അധികൃതരോ പൊലീസോ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് ജനങ്ങൾ.

ചിറ്റൂർ താലൂക്ക് പരിധിയിൽ മുതലമടയിലും കൊഴിഞ്ഞാമ്പാറയിലുമായി സപ്ലൈക്കോയുടെ രണ്ട് ഡിപ്പോകളാണുള്ളത്. എഫ്.സി.ഐയിൽ നിന്നും ഈ ഡിപ്പോകളിലെത്തിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കരാർ അടിസ്ഥാനത്തിലാണ് റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്നത്. സിവിൽ സപ്ലൈസ് കരാർ നൽകിയിരുന്നതനുസരിച്ച് ഒന്നാം തിയതി കരാറുകാരൻ വാഹനവുമായി മുതലമട ഡിപ്പോയിൽ എത്തിയെങ്കിലും പ്രാദേശിക ടെമ്പോ ഡ്രൈവർമാർ തടയുകയായിരുന്നു. ഡിപ്പോയിൽ നിന്നും തങ്ങളുടെ വാഹനത്തിൽ മാത്രമേ ധാന്യങ്ങൾ കയറ്റാൻ അനുവദിക്കുകയുള്ളൂ എന്ന വാദമാണ് ഭരണകക്ഷിയിലെ തന്നെ യൂണിയൻ അംഗങ്ങളായ ടെമ്പോ ഡ്രൈവർമാർ ഉന്നയിച്ചത്. ഇതുകാരണം ഭക്ഷ്യധാന്യം കയറ്റാൻ സാധിക്കാതെ കരാറുകാരൻ മടങ്ങുകയായിരുന്നു. നാളിതുവരെയായും പ്രശ്നം പരിഹരിക്കാത്തതിനാൽ റേഷൻ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

കരാറുകാരൻ ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചിട്ടുണ്ട്. റേഷൻ മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് കോടതി കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ വരുംദിവസങ്ങളിൽ വിതരണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അതേസമയം, റേഷൻ മുടങ്ങിയത് കിഴക്കൻ മേഖലയിൽ സാധാരണക്കാരുടെ പൊങ്കൽ ആഘോഷത്തെ കാര്യമായി ബാധിച്ചു. റേഷൻ കടകളിൽ നിന്നും ലഭിക്കുമായിരുന്ന ഭക്ഷ്യധാന്യങ്ങളെ ആശ്രയിച്ചിരുന്നവരാണ് ഇത്തവണ ദുരിതത്തിലായത്.