mvi

പാലക്കാട്: വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാത്ത കൂളിംഗ് പേപ്പറുകളും കർട്ടനുകളും വയ്ക്കുന്നത് തടയാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വ്യാപക പരിശോധന ആരംഭിച്ചു. 'ഓപ്പറേഷൻ സ്‌ക്രീൻ' എന്ന പേരിൽ ഇന്നലെ മുതൽ ആരംഭിച്ച പരിശോധനയിൽ ആകെ 93 വാഹനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നാല് സംഘങ്ങൾ ജില്ലയിലെ വിവിധയിടങ്ങളിൽ 250 വാഹനങ്ങളാണ് ആദ്യദിനം പരിശോധിച്ചത്.

സുപ്രീംകോടതി വിധിയുടെ കൂടി പശ്ചാത്തലത്തിലാണ് വാഹനങ്ങളിലെ ഗ്ലാസുകളിൽ കർട്ടനുകൾക്കും കൂളിംഗ് പേപ്പറുകൾക്കും സംസ്ഥാനത്ത് പൂർണമായ നിരോധനം ഏർപ്പെടുത്തിയത്. പിടികൂടുന്ന വാഹനങ്ങളിൽ നിന്ന് 1250 രൂപ പിഴയാണ് ഈടാക്കുന്നത്. പരിശോധനയുടെ ആദ്യ ദിനമായതിനാൽ കൂളിംഗ് പേപ്പറുകൾ നീക്കം ചെയ്ത് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോൾ പിഴ അടച്ചാൽ മതിയെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ വാഹനങ്ങൾ ഹാജരാക്കണം. 1250 രൂപയും അടയ്ക്കണം. അല്ലാത്ത പക്ഷം വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അതികൃതർ പറഞ്ഞു. രണ്ടാമത്തെ തവണ വാഹനം പിടികൂടിയാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എ.സഹദേവൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി.എം.രവികുമാർ, സി.എസ്.ജോർജ്ജ്, എം.ആർ.സജീവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

അപകടങ്ങളുണ്ടാകുമ്പോൾ വാഹനങ്ങളുടെ ചില്ലുകളിൽ ഒട്ടിച്ച കൂളിംഗ് പേപ്പറുള്ളതിനാൽ പൂർണമായി പൊട്ടാതെ കിടക്കുന്നത് കൂടുതൽ അപകടമാണ്. വാഹനത്തിൽ കുടുങ്ങിയ ആളുകളെ പുറത്ത് എടുക്കുമ്പോൾ പൊട്ടി ചിതറിയ ചില്ലുകൾ ശരീരത്തിൽ തറച്ച് കയറും. കൂടാതെ വാഹനങ്ങൾ മറ്റ് നിയമലംഘനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും അകത്തുള്ളത് പുറത്തുനിന്ന് നോക്കിയാൽ അകം വൃക്തമാകണം. സ്ത്രീകൾക്കെതിരായ അതിക്രമം, പുകയില, കഞ്ചാവ് കടത്തലുകൾ എന്നിവയെല്ലാം തടയാൻ കൂടി ലക്ഷ്യമിട്ടാണ് നിയമം കർശനമാക്കിയിരിക്കുന്നത്.

 ഇന്നലെ അവധി ദിനമായതിനാൽ ഒരു സർക്കാർ വാഹനത്തിലും നിയമലംഘനം കണ്ടെത്തിയില്ല. പരിശോധന ഒരു മാസം തുടർച്ചയായി നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. സർക്കാർ വാഹനങ്ങളിലും ആംബുലൻസുകളിലും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ഫോട്ടോ എടുത്ത് സമയവും സ്ഥലവും അടയാളപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് അയച്ചു കൊടുക്കാം. വി.എ.സഹദേവൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, പാലക്കാട്.