
പാലക്കാട്: പുതുവർഷത്തിൽ ജില്ലയിൽ ഇതുവരെ എക്‌സൈസും പൊലീസും ചേർന്ന് പിടിച്ചെടുത്തത് 100 കിലോ കഞ്ചാവ്. ഇതിൽ 20 പേരാണ് അറസ്റ്റിലായത്. ഇവരിൽ 18 പേരും 25 വയസിൽ താഴെയുള്ളവരാണെന്ന് അധികൃതർ പറഞ്ഞു. പുകയില മുതൽ വിവിധതരം മയക്കുമരുന്ന് ഉല്പന്നങ്ങളും ലഹരിഗുളികകളും വൻതോതിലാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായും യുവാക്കളെ പിടികൂടുന്നുണ്ട്. ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും കൂടുതൽ സമയം ലഹരി ലഭിക്കുന്നതിനാൽ എം.ഡി.എം.എയിലേക്കാണ് പുതുതലമുറ വഴിമാറുന്നത്. സ്മാർട്ട് ഫോൺ, ഇരുചക്രവാഹനം, മറ്റ് സുഖസൗകര്യങ്ങൾ എന്നിവയെല്ലാം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും ഈ വലയിൽ കുടുങ്ങുന്നത്.
ഒ.സി.ബി പേപ്പറും ഹാഷിഷും വ്യാപകം
കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പർ ജില്ലയിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകളിൽ സുലഭമാണ്. സ്ഥിരമായി വാങ്ങുന്നവർക്ക് ഇവിടെനിന്ന് യഥേഷ്ടം ലഭിക്കും. 50 മുതൽ 200 രൂപവരെയാണ് ഇതിന്റെ വില. കൂടാതെ കഞ്ചാവിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഹാഷിഷ് ഓയിലും യുവാക്കൾക്കിടയിൽ വ്യാപകമാണ്. സിഗരറ്റിൽ പുരട്ടിവലിക്കുകയാണ് ചെയ്യുക. കഞ്ചാവിനേക്കാൾ പതിന്മടങ്ങ് വീര്യം കൂടിയതാണിത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ജില്ലയിൽ ഹാഷിഷ് എത്തിച്ചുനൽകുന്നതെന്ന് അധികൃതർ പറഞ്ഞു.
പരിശോധന ശക്തമാക്കും
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്‌കൂളുകളും കോളേജുകളും പത്തുമാസങ്ങൾക്കുശേഷം തുറന്നതോടെ ജില്ലയിൽ എക്‌സൈസിന്റെയും പൊലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡുകൾ പരിശോധന ശക്തമാക്കി. കഞ്ചാവ്, ലഹരിഗുളികകൾ ഉൾപ്പടെയുള്ളവ വിദ്യാർത്ഥികൾ വഴി വിതരണത്തിന് എത്താനിടയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണിത്. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് എക്സൈസ് ഡിവിഷൻ അധികൃതർ