പാലക്കാട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി 32 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ വിനോദസഞ്ചാര മേഖലയിൽ നടപ്പാക്കിയത്. പോത്തുണ്ടി, മംഗലം ഡാമുകളിലെ സാഹസിക ടൂറിസം പദ്ധതിയാണ് ഇതിൽ പ്രധാനം. കൊവിഡ് ഭീതിയൊഴിയുന്നതോടെ വിനോദ സഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
പോത്തുണ്ടി ഡാം ഉദ്യാനത്തിന് നാല് കോടി
സിപ് ലൈൻ, ആകാശ സൈക്കിൾ സവാരി, പോളാരിസ് റൈഡ് എന്നിവ ഉൾപ്പെടെയുള്ള സാഹസിക ടൂറിസം നവീകരണമാണ് നാല് കോടി ചെലവിൽ പോത്തുണ്ടി ഉദ്യാനത്തിൽ നടപ്പാക്കിയിട്ടുള്ളത്. സാഹസിക സ്‌പോർട്‌സ്, കളിസ്ഥലം, കിയോസ്‌ക്, ടോയ്‌ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, മഴക്കുടിൽ, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കൽ തുടങ്ങിയ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്.
മംഗലം ഡാം നവീകരണത്തിന് 4.76 കോടി
വ്യൂ പോയിന്റ്, റോപ്പ് കോഴ്‌സ്, കളിസ്ഥലം, കുളം, മഴക്കുടിൽ, ഇരിപ്പിടങ്ങൾ, സ്റ്റേജ്, വൈദ്യുതീകരണം, ഇന്റർലോക്ക്, മ്പോസ്റ്റിങ് പ്ലാന്റ് തുടങ്ങി 4.76 കോടിയുടെ പ്രവർത്തികൾ മംഗലം ഡാം ഉദ്യാനത്തിലും നടപ്പാക്കി.
കാഞ്ഞിരപ്പുഴയിൽ പെടൽ ബോട്ടും പൂൾ സൈക്ലിംഗും
കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിൽ പ്രത്യേക പെടൽ ബോട്ട് ഉൾപ്പെടെയുള്ള പൂൾ സൈക്ലിംഗ്, സൈക്ലിംഗ്, റൈഡ് വിനോദങ്ങളും സജ്ജമാക്കി. വൈകുന്നേരങ്ങളിൽ മ്യൂസിക്കൽ ഫൗണ്ടനും ഉദ്യാന അലങ്കാരത്തിനായി പ്രത്യേക ലൈറ്റുകളും നവീകരണത്തിന്റെ ഭാഗമായുണ്ട്.
മലമ്പുഴ ഡാം സൗന്ദര്യവത്കരണം
മലമ്പുഴ ഡാം നവീകരണവും ഉദ്യാനസൗന്ദര്യവത്ക്കരണവും ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണമാണ് ടൂറിസം വകുപ്പ് നടപ്പാക്കിയത്. കുടിവെള്ള യൂണിറ്റ്, വൈദ്യുതികരണം, ടോയ്‌ലറ്റ് ബ്ലോക്ക്, ഫേറ്റീരിയ, ഇരിപ്പിടങ്ങൾ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, 'യക്ഷി' പ്രതിമയുടെ നവീകരണവും സെൽഫി പോയിന്റും സജ്ജമാക്കുകയുണ്ടായി.
ഗ്രീൻ കാർപെറ്റ് പദ്ധതിക്കായി വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, മലമ്പുഴ ഉദ്യാനം, മലമ്പുഴ റോക്ക് ഗാർഡൻ എന്നിവിടങ്ങളിലായി 2.64 കോടി ചെലവഴിച്ചു. വാടികശിലാ വാടിക ഉദ്യാനം, ഒ. വി വിജയൻ സ്മാരകത്തിൽ തസ്രാക്ക് റൈറ്റേഴ്‌സ് വില്ലേജ് നിർമാണം, ചെമ്പൈ ഗ്രാമം സാംസ്‌കാരിക സമുച്ചയവും മ്യൂസിയം നിർമാണം, നെല്ലിയാമ്പതി ടൂറിസം വികസനപദ്ധതി ആദ്യഘട്ടം, ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം കലാപീഠം നവീകരണം എന്നിവയിക്കായി 18.22 കോടി രൂപയും ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിക്കായി 73.51 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.