പട്ടാമ്പി: താലൂക്ക് കേന്ദ്രീകരിച്ച് ഒരു ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും അത്യാഹിതം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിന് ഷൊർണൂരിൽ നിന്നോ കുന്നംകുളത്തുനിന്നോ ഫയർ ഫോഴ്സ് സംഘമെത്തണം. വേനലിൽ മേഖലയിൽ തീപ്പിടുത്തങ്ങൾ പതിവാണ്. അപകടം സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകാതിരിക്കാൻ താലൂക്കിൽ ഒരു ഫയർസ്റ്റേഷൻ അനിവാര്യമാണ്.
സ്ഥലമാണ് പ്രതിസന്ധി
സ്ഥലം കണ്ടെത്താനാകാത്തതാണ് മൂന്ന് സംസ്ഥാന ബഡ്ജറ്റുകളിൽ ഉൾപ്പെട്ടിട്ടും പദ്ധതി യാഥാർത്ഥ്യമാകാത്തതിന് കാരണം. ആദ്യം മേലേപട്ടാമ്പിയിൽ കൃഷിവകുപ്പിന് കീഴിലുള്ള സെൻട്രൽ ഓർച്ചാർഡിന്റെ ഭൂമിയാണ് കണ്ടെത്തിയത്, പക്ഷേ, കൃഷിവകുപ്പ് അനുമതി നിരസിച്ചതോടെ പദ്ധതി പെട്ടിയിലായി. പിന്നീട് പൊതുമരാമത്ത് വകുപ്പിന്റെ ടൂറിസ്റ്റ് ബംഗ്ലാവിൽ സ്ഥലം ലഭ്യമാക്കാൻ ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഫലം. ഒടുവിൽ കൊപ്പം പഞ്ചായത്ത് പരിധിയിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഭൂമിയിൽ നിന്ന് 35 സെന്റ് ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മാണത്തിന് വിട്ടു നൽകാൻ ധാരണയായിരുന്നെങ്കിലും ജില്ലാ വികസനസമിതി യോഗത്തിലെ ചില ധാരണപ്പിശകിൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
നഗരസഭ പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ ഫയർ സ്റ്റേഷന് സ്ഥലം കണ്ടെത്താൻ തീരുമാനിച്ചിരുന്നു. ഒരു മാസത്തിനകം സ്ഥലം ലഭ്യമാക്കുമെന്നാണ് ഭരണസമിതി ഉറപ്പ് നൽകിയിരിക്കുന്നത്. ഈ തീരുമാനം നടപ്പിലായാൽ പട്ടാമ്പിയിൽ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും.
അപകടങ്ങൾ പതിവ്
ഭാരതപ്പുഴയോരത്തെ വാണിജ്യ കേന്ദ്രമായ പട്ടാമ്പിയിൽ വേനലിൽ തീപിടുത്തങ്ങളും മഴക്കാലത്ത് ഒഴുക്കിൽപെട്ടുള്ള അപകടങ്ങളും പതിവാണ്. ഷൊർണൂരിൽ നിന്ന് പട്ടാമ്പി താലൂക്ക് അതിർത്തികളിലേക്ക് 25 കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട്. കുന്നംകുളത്തു നിന്നും 20 കിലോമീറ്ററുണ്ട് പട്ടാമ്പിയിലേക്ക്. അത്യാവശ്യഘട്ടങ്ങളിൽ ഇവിടെ നിന്ന് അഗ്നിശമനസേന എത്തിവേണം രക്ഷാപ്രവർത്തനം നടത്താൻ. യഥാസമയത്ത് രക്ഷാപ്രവർത്തനം നടത്താൻ കഴിയാതെ തന്നെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ഫയർസ്റ്റേഷൻ യാഥാർത്ഥ്യമായാൽ ഈ ദുരവസ്ഥയ്ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.