vijaya-das

പാലക്കാട്: കഴിഞ്ഞദിവസം അന്തരിച്ച കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. എലപ്പുള്ളി തേനാരിയിലെ വസതിയിലും എം.എൽ.എ പഠിച്ച എലപ്പുള്ളി ജി.യു.പി സ്‌കൂളിലും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്ത്യമോപചാരമർപ്പിക്കാൻ നാടിന്റെ നാനാതുറകളിൽ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശേഷം 12.30ഓടെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ഇ.പി.ജയരാജൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം എലപ്പുള്ളി തേനാരി കാക്കത്തോടിലെ വീട്ടിലെത്തിച്ചത്. തുടർന്ന് എലപ്പുള്ളി ജി.യു.പി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. പത്തുമണിയോടെ മൃതദേഹം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവനും ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും പുഷ്പചക്രം വച്ചു. മന്ത്രി എ.കെ.ബാലനുവേണ്ടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആർ.പി.സുരേഷ് പുഷ്പചക്രം സമർപ്പിച്ചു.

കൊവിഡ് ബാധിതനായ കെ.വി.വിജയദാസിനെ ഡിസംബറിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗമുക്തനായെങ്കിലും മറ്റ് അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 12ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അന്ത്യം.