cow
എരുത്തേമ്പതിയിലെ കി​ടാ​രി​ ​പാ​ർ​ക്ക്

പാലക്കാട്: ജില്ലയിൽ പ്രതിദിന പാൽ ഉത്പാദനത്തിൽ 33 ശതമാനത്തിന്റെ വർദ്ധനവ്. പാലുത്പാദനത്തിൽ സംസ്ഥാനതലത്തിൽ പാലക്കാടാണ് ഒന്നാമത്. ജില്ലയിലെ 328 ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 3.33 ലക്ഷം ലിറ്റർ പാലാണ് സംഭരിച്ചുവരുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ക്ഷീരവികസന വകുപ്പ് ജില്ലയിലാകെ 42.84 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 263 ക്ഷീരസഹകരണ സംഘങ്ങളിൽ ഓട്ടോമാറ്റിക് പാൽ സംഭരണം. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ 275 ക്ഷീരസംഘങ്ങൾക്ക് സ്വന്തമായി കെട്ടിടം, പ്രളയത്തിൽ നാശനഷ്ടമുണ്ടായ ക്ഷീര കർഷകർക്ക് 42 ടൺ കാലിത്തീറ്റയും 47 ടൺ തീറ്റപ്പുല്ലും വിതരണം ചെയ്തു. ഇത് വലിയ ആശ്വസമായെന്ന് കർഷകർ വ്യക്തമാക്കുന്നു.

 സ്വയംപര്യാപ്തത കൈവരിക്കാൻ ക്ഷീരഗ്രാമം

പാൽ ഉത്പാദനത്തിൽ മുൻപന്തിയിലുള്ളതും സാധ്യതകളുള്ളതുമായ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്ത് മാതൃകാ ക്ഷീരഗ്രാമമാക്കി പാലുല്പാദനത്തിൽ സ്വയം പര്യാപ്തമാക്കുന്ന പദ്ധതിയാണ് 'ക്ഷീരഗ്രാമം'. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിൽ പദ്ധതിപ്രകാരം തീറ്റപ്പുൽകൃഷി വ്യാപിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നു. 2017-18 വർഷത്തിൽ പറളി, 2020-21 വർഷത്തിൽ കരിമ്പുഴ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പറളി പഞ്ചായത്തിൽ മൂന്നു ക്ഷീര സംഘങ്ങളിൽ നിന്നുള്ള പാൽ സംഭരണം പദ്ധതി നിർവഹണം വഴി 2018 19 ൽ 7.5 ലക്ഷം ലിറ്ററായി ഉയർന്നു. കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഇരുന്നൂറോളം ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉള്ളത്. തീറ്റപ്പുൽകൃഷിക്കുള്ള അനുകൂലസാഹചര്യം പഞ്ചായത്തിൽ ഉള്ളതിനാൽ ലാഭകരമായ പശുവളർത്തലും സാധ്യമാണ്. നിലവിൽ 42 ഹെക്ടറോളം തീറ്റപ്പുൽകൃഷി പഞ്ചായത്തിൽ ചെയ്തിട്ടുണ്ട്.

 കിടാരി പാർക്കുകൾവഴി വിറ്റത് 209 പശുക്കൾ

അന്യ സംസ്ഥാനത്തുനിന്ന് ഉരുക്കളെ വാങ്ങുമ്പോൾ ക്ഷീര കർഷകർ അനുഭവിക്കുന്ന ചൂഷണം ഒഴിവാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച രണ്ട് കിടാരി പാർക്കുകൾ വഴി കർഷകർക്ക് വിറ്റത് 209 പശുക്കൾ. ക്ഷീരസഹകരണ സംഘങ്ങളാണ് പശുക്കളെ പരിപാലിക്കുന്നത്. ആകെ 276 കിടാരികളെ വാങ്ങി വളർത്തിയതിൽ 72 എണ്ണമാണ് ഇനിയുള്ളത്. സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷം സ്ഥാപിക്കുന്ന നാല് കിടാരി പാർക്കുകളിൽ രണ്ടെണ്ണം ചിറ്റൂർ ബ്ലോക്കിലെ എരുത്തേമ്പതി പഞ്ചായത്തിലെ കുമരന്നൂർ ക്ഷീര സംഘത്തിലും, പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ക്ഷീര സംഘത്തിലുമാണ് തിരഞ്ഞെടുത്തത്. 50 കിടാരികളെ വീതം വാങ്ങി പശുക്കളാക്കി കർഷകർക്ക് വിപണനം നടത്തുകയാണ് കിടാരി പാർക്കുകളിലൂടെ ലക്ഷ്യമിട്ടത്. പാർക്ക് ഒന്നിന് 15 ലക്ഷം രൂപയാണ് ക്ഷീര വികസന വകുപ്പ് ധനസഹായമായി സംഘങ്ങൾക്ക് നൽകി വരുന്നത്. നിലവിൽ കൃഷ്ണഗിരി, ഹരിയാന, പല്ലടം, കുന്നത്തൂർ എന്നീ സ്ഥലങ്ങളിൽ നിന്നാണ് കിടാരികളെ എത്തിച്ചിരിക്കുന്നത്.

 ലബോറട്ടറി നവീകരിച്ചു

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന മീനാക്ഷിപുരത്തെ ചെക്ക് പോസ്റ്റ് ലബോറട്ടറി 30.18 ലക്ഷം ചെലവിലാണ് നവീകരിച്ചത്. നിലവിലുള്ള പരിശോധനകൾക്കുപുറമെ ആന്റിബയോട്ടിക്, അഫ്‌ലാ ടോക്‌സിൻ സാന്നിദ്ധ്യവും, അണുഗുണനിലവാരവും പരിശോധിക്കാനുള്ള സൗകര്യം പുതിയ ലാബിൽ ഉണ്ട്.

 275 ക്ഷീരസംഘങ്ങൾക്ക് സ്വന്തമായി കെട്ടിടം നിർമിച്ച് നൽകി. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ലഭ്യമാക്കി

 മിൽക്ക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതി, 3641 കറവപ്പശുക്കൾ, തീറ്റപ്പുൽകൃഷി എന്നിവയ്ക്കും ധനസഹായം നൽകി

 15 ഹെക്ടർ തരിശ് നിലത്തിൽ തീറ്റപ്പുൽകൃഷി ഒരുക്കി. പാലിന് സബ്‌സിഡി, കറവപ്പശു വിതരണം, കാലിത്തീറ്റ വിതരണം എന്നിവയ്ക്കായി 42.84 കോടി ചെലവഴിച്ചു