operation-screen

പാലക്കാട്: ഓപ്പറേഷൻ സ്‌ക്രീനിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ ഇന്നലെ 44 വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി. ഗ്ലാസിൽ ഫിലിം ഒട്ടിച്ചത് നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും 55,000 രൂപ പിഴ ചുമത്തുകയും ചെയ്തു. 85 വാഹനങ്ങളാണ് പരിശോധിച്ചത്. കൂടാതെ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ പരിശോധനയും ബോധവത്കരണവും നടത്തി. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എ.സഹദേവന്റെ നേതൃത്വത്തിൽ പറളിയിൽ ടാക്‌സി ഡ്രൈവർമാർക്ക് റോഡ് സുരക്ഷ സംബന്ധിച്ച് എം.വി.ഐ പി.എം.രവികുമാർ, എ.എം.വി.ഐ കെ.ദേവീദാസൻ എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ പ്രായം കൂടിയ ടാക്‌സി ഡ്രൈവറായ പറളിയിലെ കുമാരനെ ആദരിക്കുകയും ചെയ്തു.
32മത് റോഡ് സേഫ്ടി വാരം ഇത്തവണ റോഡ് സുരക്ഷാ മാസമായാണ് ആചരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എം.വി.ഐമാരായ യു.അനിൽകുമാർ, എസ്.സുജീഷ്, എം.ആർ.സജീവ് എന്നിവരുടെ നേതൃത്വത്തിൽ ടാക്‌സി, ഓട്ടോറിക്ഷ സ്റ്റാന്റുകളിൽ ഡ്രൈവർമാർക്ക് റോഡ് സുരക്ഷ ബോധവത്കരണം നടത്തി.