പാലക്കാട്: ജില്ലയിലെ ശുചിത്വ പദവിനേടിയ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച അജൈവ പാഴ് വസ്തു ശേഖരം സർക്കാർ സ്ഥാപനമായ ക്ലീൻകേരള കമ്പനി ലിമിറ്റഡ് (സി.കെ.സി.എൽ) വിലനൽകി ഏറ്റെടുക്കുന്ന പ്രവർത്തനം ജില്ലയിൽ പുരോഗമിക്കുന്നു. പാഴ്‌വസ്തുക്കൾക്ക് വില നിശ്ചയിച്ചതോടെയാണ് ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ജില്ലയിലെ 51 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും 30,000 കിലോ പാഴ്‌വസ്തുക്കൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. ഇതിനായി ക്ലീൻകേരള കമ്പനിയുടെ ഗോഡൗണിനു പുറമെ പാലക്കാട്, മണ്ണാർക്കാട് ബ്ലോക്കുകളുടെയും, പട്ടാമ്പി നഗരസഭയുടെയും ആർ.ആർ.എഫുകളിൽ എത്തിച്ച് റീസൈക്ലിംഗ് ഏജൻസികൾക്ക് കൈമാറുന്നതിനുള്ള പ്രവർത്തനം നാളെ പൂർത്തിയാകും.
ലക്ഷ്യം മാലിന്യമുക്ത നാട്
മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കാക്കുന്നത്. ഇതിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ രംഗത്ത് മാറ്റം കൊണ്ടുവരുന്നതിനോടൊപ്പം ഹരിതകർമ്മ സേനയ്ക്ക് വരുമാനവും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ അജൈവ പാഴ് വസ്തു ശേഖരണം, തരംതിരിക്കൽ എന്നിവ നടക്കാത്തിടങ്ങളിൽ കർശന നടപടി സ്വീകരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഏജൻസികൾ നേരിട്ട് ശേഖരിക്കുകയാണെങ്കിൽ പാഴ് വസ്തുക്കൾ ശേഖരിച്ചതിന്റെ രേഖ നൽകണം. വസ്തുക്കളുടെ ഉത്തരവാദിത്വം തദ്ദേശസ്ഥാപന ചാർജ് ഓഫീസർക്കാണ്.
പാഴ് വസ്തു വില്പനവഴി ലഭിക്കുന്ന തുക ഹരിത കർമ്മസേനകളുടെ കൺസോർഷ്യത്തിലാണ് ലഭ്യമാക്കുക. ഈ തുക കൺസോർഷ്യത്തിലെ ഓരോ അംഗങ്ങൾക്കും ലഭിക്കുന്ന വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 26ന് ക്ലീൻകേരള കമ്പനി ഹരിത കർമ്മസേനയ്ക്ക് ലഭിക്കുന്ന തുക ചെക്കായി കൈമാറും.
വൈ.കല്യാണകൃഷ്ണൻ, ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ.
ജില്ലയിൽ ശുചിത്വ പദവി നേടിയിട്ടുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിലവിൽ തരംതിരിക്കൽ നടക്കുന്നുണ്ട്. ഹരിതസേന സെക്രട്ടറി, ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതി ചുമതലയുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇതിന്റെ ചുമതല.
പി.സെയ്തലവി, കുടുംബശ്രീ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ