fest

ഷൊർണൂർ: വള്ളുവനാട്ടിലെ ഉത്സവകാലം എന്നത് തുലാമാസത്തിൽ ആരംഭിച്ച് മീനമാസം വരെ തുടരുന്നതാണ്. പട്ടിത്തറ പൂലേരി ക്ഷേത്രത്തിൽ തുടങ്ങി മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപനം കുറിക്കുന്ന ഉത്സവകാലം. 'പൂ മുതൽ മുളവരെ' എന്നാണ് ഈ വള്ളുവനാടൻ ഉത്സവകാലത്തെ പഴമക്കാർ വിശേഷിപ്പിക്കുന്നത്. തുലാം തുടങ്ങുന്നതുതന്നെ അയ്യപ്പ തീർത്ഥാടകരുടെ തിരക്കുമായാണ്. വൃശ്ചികം, ധനു മാസങ്ങൾ അയ്യപ്പൻ വിളക്കിന്റെ ഈരടികളാൽ മുഖരിതമായിരിക്കും. മകരചൊവ്വ മഹോത്സവങ്ങളും കൊണ്ടാടും.

കുംഭ മാസത്തിൽ തുടങ്ങുന്ന താലപ്പൊലിയുടെ രാപ്പകലുകൾ മീന മാസത്തിലും സജീവമാകും. ഉത്സവകാലം നിരവധി പേർക്ക് ഉപജീവനത്തിന്റെ കാലം കൂടിയാണ്. ആറുമാസം നീളുന്ന സീസണിൽ ഒരു വർഷത്തേക്കുള്ള അന്നംതേടി പൂരപറമ്പിൽ എത്തുന്നത് നിരവധിപേരാണ്. കഴിഞ്ഞവർഷം ഉത്സവ പറമ്പുകൾ വേദനയുടെ കാഴ്ചകളാണ് സമ്മാനിച്ചത്. ആളും ആരവങ്ങളും ഇല്ലാതെ ചടങ്ങുകൾ മാത്രമായാണ് ഉത്സവങ്ങൾ നടന്നത്. ഈ സീസണിലും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇനി മൂന്ന് മാസം മാത്രമാണ് ശേഷിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങൾ നടത്താൻ അനുമതി നൽകുമ്പോൾ ഇത്തവണയും ഉത്സവകാലം ചടങ്ങുകൾ മാത്രമാകാനാണ് സാദ്ധ്യത. ഈ സ്ഥിതി തുടർന്നാൽ നിരവധി പേർക്ക് ഉപജീവനത്തിന് മറ്റു വഴികൾ തേടേണ്ടിവരും. വിവിധ മേഖലകൾ കൊവിഡിനെ അതിജീവിച്ച് തിരിച്ചു വരുമ്പോൾ ഉത്സവങ്ങൾക്കും അതിന് അവസരമൊരുക്കണമെന്നാണ് ഈ മേഖലയെ ആശ്രയിക്കുന്നവർ ആവശ്യപ്പെടുന്നത്.