ഒറ്റപ്പാലം: വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച ഒറ്റപ്പാലം ഇൻഡോർ സ്റ്റേഡിയം പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുന്നു. സംസ്ഥാന ബഡ്ജറ്റിൽ ഒറ്റപ്പാലം സ്റ്റേഡിയം നിർമ്മിക്കാൻ 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഏഴുവർഷം മുമ്പാണ് പദ്ധതി പ്രഖ്യാപിച്ചത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കണ്ണിയംപുറത്തെ പഴയ ഓഫീസ് കെട്ടിടം ഉൾപ്പെട്ട സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മിക്കാനായിരുന്നു പദ്ധതി. ബാസ്കറ്റ് ബാൾ, വോളബാൾ, ബാഡ്മിന്റൺ കോർട്ടുമടങ്ങിയ പദ്ധതിക്കായി ജലസേചന പദ്ധതിയുടെ പഴയ ഓഫീസ് പുതുക്കിപണിയാനായിരുന്നു ആലോചന. പ്രഖ്യാപനത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കെട്ടിടം പരിശോധനകൾ പൂർത്തിയാക്കിയത്. ശേഷം വിശദമായ പദ്ധതി രേഖയും തയ്യാറാക്കിയിരുന്നു. എന്നാൽ, ജലസേചന വകുപ്പിൽ നിന്ന് സ്ഥലം വിട്ടുകിട്ടാതെ വന്നതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോൾ ഒറ്റപ്പാലം സബ് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ വിഷയത്തിൽ ഇടപെടുകയും കായികവകുപ്പുമായി ചേർന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം പദ്ധതി രേഖ തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് ഇൻഡോർ സ്റ്റേഡയിത്തിന് പുതുജീവൻ വന്നിട്ടുള്ളത്. ആദ്യം പ്രഖഅയാപിച്ച അഞ്ചുകോടി രൂപ മതിയാകാത്ത സാഹചര്യത്തിലാണ് ബഡ്ജറ്റിൽ പത്ത് കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളതെന്ന് പി ഉണ്ണി എം.എൽ.എ അറിയിച്ചു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ സ്റ്റേഡിയത്തിന്റെ നിർമ്മാണം തുടങ്ങുമെന്നും എംഎൽഎ വ്യക്തമാക്കി.