ആലത്തൂർ: നെല്ലിനെ നശിപ്പിക്കുന്ന ചാഴിയെ നശിപ്പിക്കാൻ കർഷകർക്ക് മിത്രമായി ബ്യുവേറിയ ബാസിയാന എന്ന കുമിൾ. വെള്ളത്തിൽ കലക്കി തളിക്കാവുന്ന രൂപത്തിൽ ബ്യുവേറിയ കുമിൾ ആലത്തൂർ കൃഷിഭവനിൽനിന്ന് കർഷകർക്ക് ലഭിക്കുമെന്ന് കൃഷി ഓഫീസർ എം.വി.രശ്മി പറഞ്ഞു.
കതിര് വന്നുതുടങ്ങുമ്പോൾ ആദ്യം വന്ന കതിരുകളിലും വരമ്പിലും ചാഴികളെ കണ്ടുതുടങ്ങുമ്പോഴേ ബ്യുവേറിയ തളിക്കാം. ഏക്കറിന് 500 മില്ലി ബ്യുവേറിയ 100 ലിറ്റർ വെള്ളത്തിൽ കലക്കി വൈകീട്ട് അഞ്ചുമണിക്കുശേഷം പാടത്തും വരമ്പിലും തളിച്ച് കൊടുക്കണം. പാടത്ത് മിതമായ അളവിൽ വെള്ളം കെട്ടിനിർത്തുന്നത് ബ്യുവേറിയ വേഗത്തിൽ വ്യാപിക്കാൻ ഫലപ്രദമാണ്.
ബ്യുവേറിയ തളിക്കുമ്പോൾ ചാഴികൾക്ക് പൂപ്പൽ ബാധയേറ്റ് രോഗം വന്ന് നശിക്കും. രോഗം ബാധിച്ച ചാഴികളിൽനിന്ന് മറ്റുചാഴികൾക്കും രോഗം പടരും.
രാസകീടനാശിനികൾ തളിക്കുന്നതിനേക്കാൾ ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാക്കുന്നതാണ് ഈ മിത്രകുമിൾ. ഒരേക്കറിന് തളിക്കാനുള്ള 500 മില്ലി ബ്യുവേറിയയ്ക്ക് 150 രൂപയാണ് വില. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.