പട്ടാമ്പി: മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ തോട്ടുമുഖം ചിറയുടെ പുനർനിർമ്മാണത്തിന് നടപടിയാകുന്നു. 24.5 ലക്ഷം രൂപയാണ് ചിറയുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. പെരുമുടിയൂർ മേഖലയിലെ കാർഷിക ആവശ്യത്തിന് ജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിൽ 25 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ചിറ നിലവിൽ നാശോന്മുഖമായി കിടക്കുകയാണ്.
സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതെയാണ് ചിറ തകർച്ചയിലേക്ക് കുത്തിയൊലിച്ച് പോയത്. 2013ന് ശേഷം ചിറയുടെ പാർശ്വങ്ങൾ ഇടിയുകയും ചീർപ്പുകൾ നാമാവശേഷമാവുകയും ചെയ്തു. അന്ന് കർഷകർ ചിറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായില്ല. ഓരോ വേനലിലും കാർഷിക മേഖല വറ്റിവരളുമ്പോൾ മാത്രം ഇക്കാര്യം ചർച്ചയാകുന്നതും ചിറയുടെ പുനരുജ്ജീവനത്തിന് തടസമായി.
നിലവിൽ ചിറയുടെ വീണ്ടെടുപ്പിന് തുക അനുവദിച്ചത് കഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. തോട്ടുമുഖംചിറ സ്ഥിതിചെയ്യുന്ന കണ്ടംതോട് ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനുള്ള നടപടികളും സജീവമായി നടക്കുന്നുണ്ട്. മേഖലയിലെ രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞാൽ നിർമ്മാണം തുടങ്ങാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. അതേസമയം ചിറയുടെ നിലവിലെ സ്ഥാനംമാറ്റി നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കൂടുതൽ കർഷകർക്ക് ഉപയോഗപ്രദമാകുന്ന പുതിയ ചിറ നിർമ്മിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. ചിറയുടെ വീണ്ടെടുപ്പിലൂടെ മേഖലയിലെ കാർഷിക വിളകൾക്ക് വേനലിലും ദാഹമകറ്റാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.