വടക്കഞ്ചേരി: കനാൽവെള്ളം കിട്ടാത്ത പ്രദേശമാണെങ്കിലും കാലാവസ്ഥ തുണച്ചതോടെ കുറുവായ് പാടശേഖരത്തിൽ ഇത്തവണ രണ്ടാംവിള നെൽക്കൃഷിയിൽ നല്ല വിളവ്. കീടനാശിനി പൂർണമായും ഒഴിവാക്കിയാണ് 13 ഹെക്ടർ പാടശേഖരത്തിലെ കൃഷി. മിക്കപ്പോഴും രണ്ടാംവിള ഉണക്കുഭീഷണി നേരിടാറുണ്ട്. ഒന്നാംവിളയ്ക്ക് കളശല്യംമൂലം വേണ്ടത്ര വിളവ് ലഭിക്കാറില്ല. ഈ വർഷം ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കും മികച്ചവിളവ് ലഭിച്ചതായി കർഷകനായ കെ.ശാന്തകുമാരൻ പറഞ്ഞു. സാധാരണ ഒരേക്കറിന് പരമാവധി 1,400 കിലോഗ്രാം നെല്ലാണ് ലഭിക്കാറുള്ളത്. ഇത്തവണ ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കും രണ്ടായിരം കിലോഗ്രാം നെല്ല് ലഭിച്ചു. 53 കർഷകരാണ് കുറുവായ് പാടശേഖരത്തിലുള്ളത്.
കഴിഞ്ഞ രണ്ടാംവിളയ്ക്ക് ഉണക്കുഭീഷണിയെ തുടർന്ന് കുറുവായിയിൽ ഏഴ് കർഷകരുടെ നെൽക്കൃഷി നശിച്ചു. പാടത്തേക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും കൃഷിയെ രക്ഷിക്കാനായില്ല. ഇത്തവണ കൃത്യമായ ഇടവേളകളിൽ മഴ ലഭിച്ചത് അനുഗ്രഹമായെന്ന് പാടശേഖരസമിതി സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. കളശല്യം കുറയ്ക്കുന്നതിനായി ഇത്തവണ കർഷകർ ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കും നടീലാണ് നടത്തിയത്.
കാട്ടുപന്നിയുടെയും മയിലിന്റെയും ശല്യത്തിന് കുറവുണ്ടായില്ലെന്ന് ജി.കൃഷ്ണൻ പറഞ്ഞു. കുറുവായ്ക്കു സമീപം കനാൽവെള്ളം എത്താത്ത പ്രദേശമായ പല്ലാറോഡ് പാടശേഖരത്തിലും രണ്ടാംവിളയ്ക്ക് മോശമല്ലാത്ത വിളവ് ലഭിച്ചിട്ടുണ്ട്. കുറുവായിൽ രണ്ടാംവിളകൊയ്ത്ത് കഴിഞ്ഞ് ചെയ്യാറുള്ള വേനൽക്കാല പച്ചക്കറിക്കൃഷിയും ഉടൻ തുടങ്ങും.