പാലക്കാട്: ജില്ലാ കളക്ടറായി മൃൺമയി ജോഷി ശശാങ്ക് ചുമതലയേറ്റു. എ.ഡി.എം ആർ.പി.സുരേഷ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ലേബർ കമ്മിഷണറായി നിയമിതനാകുന്ന മുൻ ജില്ലാ കളക്ടർ ഡി.ബാലമുരളി ചുമതല കൈമാറി. 2013ൽ ഐ.എ.എസ് ലഭിച്ച മൃൺമയി മഹാരാഷ്ട്ര സ്വദേശിയാണ്. മുമ്പ് എറണാകുളം, കാസർഗോഡ് സബ് കളക്ടർ, കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി, ടൂറിസം വകുപ്പ് അഡി.ഡയറക്ടർ എന്നീ സ്ഥാനം വഹിച്ചിരുന്നു.
ബാലമുരളിക്ക് കളക്ടറേറ്റ് ജീവനക്കാർ യാത്രയയപ്പ് നൽകി. എ.ഡി.എം ആർ.പി.സുരേഷ്, സബ് കളക്ടർ അർജുൻ പാണ്ഡ്യൻ, എച്ച്.എസ്.ഗീത, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധയും അട്ടപ്പാടി ഉൾപ്പെടെയുള്ള മേഖലകൾക്ക് പ്രത്യേക പരിഗണനയും നൽകും. ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കും. ഉൾപ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് നേതൃത്വം നൽകും.
-മൃൺമയി ജോഷി ശശാങ്ക്, ജില്ലാ കളക്ടർ
മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നത്. 2018-19 പ്രളയം, കൊവിഡ് മഹാമാരി, തിരഞ്ഞെടുപ്പ് എന്നിവ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വിവിധ പദ്ധതി സ്ഥലമേറ്റെടുപ്പിനും സിറ്റി ഗ്യാസ് പൂർത്തീകരണത്തിനും നേതൃത്വം നൽകാനായി.
-ഡി.ബാലമുരളി, മുൻ കളക്ടർ