velliyankallu
വെള്ളിയാങ്കല്ല് ജലസംഭരണിയിൽ മാലിന്യം കുന്നുകൂടിയ നിലയിൽ

തൃത്താല: ആയിരക്കണക്ക് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന വെള്ളിയാങ്കല്ല് ജല സംഭരണിയിൽ മാലിന്യം കുന്നുകൂടുന്നു. പുഴയുടെ ആളൊഴിഞ്ഞ ഭാഗങ്ങളിലാണ് അനിയന്ത്രിതമായി മാലിന്യം വലിച്ചെറിയൽ തുടരുന്നത്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

പുഴയിലെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുന്ന മാലിന്യമെല്ലാം ഒഴുകിയെത്തുന്നത് ജലസംഭരണിയിലേക്കാണ്. നിലവിൽ തടയണയിലെ ജലവിതരണ കിണറുകൾക്ക് തൊട്ടടുത്തെല്ലാം മാലിന്യം പരന്നുകിടക്കുന്നുണ്ട്. മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം പുഴവെള്ളത്തിന് മുകളിൽ ഒഴുകിനടക്കുകയാണ്. വെള്ളിയാങ്കല്ല്-ചാഞ്ചേരിപ്പറമ്പ് റോഡിന് സമീപമാണ് മാലിന്യം പ്രശ്നം രൂക്ഷം. മലിനജലം ഉപയോഗിച്ച് പകർച്ചവ്യാധി പിടിപെടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

മുൻവർഷങ്ങളിൽ തടയണയിൽ അറവുമാലിന്യം ഉൾപ്പെടെയുള്ളവ തള്ളിയിരുന്നു. വേനലാരംഭത്തിൽ തന്നെ തടയണയിലെ ജലനിരപ്പ് താഴ്ന്ന് മണൽത്തിട്ടകൾ പുറത്ത് കാണുന്ന നിലയിലാണ്.

ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി

ജില്ലയിൽ പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകൾ, തൃശൂർ ജില്ലയിലെ ചാവക്കാട്, കുന്നംകുളം, ഗുരുവായൂർ നഗരസഭകൾ, അഞ്ച് പഞ്ചായത്തുകൾ എന്നിവയുടെയെല്ലാം പ്രധാന കുടിവെള്ള സ്രോതസാണ് ഭാരതപ്പുഴയും വെള്ളിയാങ്കല്ല് തടയണയും. പുഴവെള്ളം മലിനമായാൽ ദുരിതത്തിലാവുന്നത് ഈ മേഖലകളിലെ ജനങ്ങളാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

നദി സംരക്ഷണത്തിന് അതോറിറ്റി വേണമെന്ന്

നദികളെ സംരക്ഷിക്കാൻ നദീതട അതോറിറ്റികൾ രൂപീകരിക്കണമെന്ന് ഭാരതപ്പുഴ സംരക്ഷണ സമിതി. നദികളുമായി ബന്ധപ്പെട്ട വകുപ്പ് തലവന്മാർ, ഹൈഡ്രോളജിസ്റ്റുകൾ, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ, ജലവിഭവ മേഖലയിലെ വിദഗ്ധർ എന്നിവർ ഉൾപ്പെട്ടതാവണം അതോറിറ്റി.

പുഴയോര പഞ്ചായത്ത് പരിധികളിലെ നദീസംരക്ഷണ പ്രവർത്തകരെയും ജനപ്രതിധികളെയും ഉൾക്കൊള്ളിച്ചുള്ള പ്രാദേശിക ജനകീയ സമിതിയും പുഴ സംരക്ഷണത്തിന് ആവശ്യമാണ്. ഈ രണ്ട് സമിതികളുടെ പരിശോധനയ്ക്കും അനുമതിക്കും വിധേയമായി മാത്രമേ അതാതിടങ്ങളിൽ പുഴയെ ബാധിക്കുന്ന നിർമ്മാണങ്ങളോ പ്രവർത്തനങ്ങളോ ഏറ്റെടുക്കാവൂ എന്ന് നിയമ നിർമ്മാണം ഉണ്ടാവണമെന്നും സമിതി ചെയർമാൻ ഡോ.കെ.മാധവൻ നമ്പൂതിരി, സെക്രട്ടറി സി.രാജഗോപാലൻ, ഹുസൈൻ തട്ടത്താഴത്ത്, ആർ.ജി ഉണ്ണി എന്നിവർ ആവശ്യപ്പെട്ടു.