ഒറ്റപ്പാലം: അടുത്തിടെ 60-ാം പിറന്നാൾ ആഘോഷിച്ച നടൻ മോഹൻലാലിന് കിട്ടിയ ആരാധകരുടെ വേറിട്ട ആശംസകളിലൊന്ന് ഇതായിരുന്നു. 'ലാലേട്ടാ.., മീശ പിരിച്ച ആ ഗാംഭീര്യമുഖവുമായി ഒരിക്കൽ കൂടി വരിക്കാശ്ശേരി മനയുടെ ഉമ്മറത്ത് കാണാൻ മോഹമുണ്ട്..."
ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അടക്കം നിരവധി പേർ ആശംസ നേർന്ന് മോഹൻലാലിനോട് ഇത്തരമൊരു ആഗ്രഹം പറഞ്ഞിരുന്നു. സന്ദീപ് വാര്യരുടെ ആശംസാ വീഡിയോ കണ്ട, മോഹൻലാൽ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. എനിക്കും അത്തരമൊരു ആഗ്രഹമുണ്ട്. നമുക്ക് നോക്കാം. എല്ലാം നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം. എന്ന ചിരിച്ചുള്ള മറുപടി ആരാധകർ നെഞ്ചേറ്റി.
ആ ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ 'ആറാട്ട്" എന്ന സിനിമ ചിത്രീകരിക്കാൻ മോഹൻലാലും സംഘവും വരിക്കാശ്ശേരിയിലെത്തി. മനയിലെത്തിയതും കൂടെയുള്ളവരോട് മോഹൻലാൽ പറഞ്ഞു. 'ഞാനെന്റെ തറവാട്ടിൽ തിരിച്ചെത്തിയത് പോലെ വൈകാരികമായ ഒരനുഭവം." പിന്നെ, വരിക്കാശേരിയുടെ പൂമുഖത്തെ ചാരുകസേരയിൽ ലാൽ മംഗലശേരി നീലകണ്ഠനെ പോലെ ഗാംഭീര്യ ഭാവത്തിലിരുന്നു. ലാൽ ഈ മണ്ണിൽ ജീവൻ കൊടുത്ത പൗരുഷമാർന്ന കഥാപാത്രങ്ങൾ കണ്ടുനിന്നവരുടെ മനസിൽ തെളിഞ്ഞു.
ആറാട്ടിന്റെ 12 ദിവസത്തിലേറെ നീണ്ട ചിത്രീകരണം മനയിൽ നടന്നു. പൂതനും തിറയും നിളയും നൃത്തവും വരിക്കാശേരിയും വാഴാലിക്കാവും എന്നിങ്ങനെ ഇവിടത്തെ ഭാഗ്യമുദ്രകളൊക്കെ ക്യാമറയിലാക്കി ചിത്രീകരണം പൂർത്തിയാക്കി സംഘം ഇന്നലെ മടങ്ങി.