rail

പാലക്കാട്: ജില്ലയിൽ ആർ.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന അകത്തേത്തറ നടക്കാവ്, വാടാനാംകുറുശ്ശി മേല്പാല നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷനാകും. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യാതിഥിയാകും.
അകത്തേത്തറ റെയിൽവേ ഗേറ്റിന് സമീപം സംഘടിപ്പിക്കുന്ന യോഗത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി വിശിഷ്ടാതിഥിയാകും. വി.എസ്.അച്യുതാനന്ദൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, നഗരസഭാദ്ധ്യക്ഷ കെ.പ്രിയ അജയൻ, ബ്ലോക്ക് പ്രസിഡന്റ് വി.ബിജോയ്, പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക്, ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക് എന്നിവർ പങ്കെടുക്കും.

നടക്കാവ് മേൽപ്പാലം
201718 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 36 കോടിയാണ് കിഫ്ബിയിൽ നിന്നും നീക്കിവെച്ചത്. പ്രദേശത്തെ 35ഓളം സ്ഥലം ഉടമകളിൽ നിന്നായി ഒരേക്കർ ഏഴ് സെന്റ് ഭൂമി ഏറ്റെടുത്തു. കല്ലേക്കുളങ്ങര മുതൽ ആണ്ടിമഠം വരെ 10.90 മീറ്റർ വീതിയിലും 690 മീറ്റർ നീളത്തിലുമാണ് മേല്പാലം. ഇരുവശത്തും ഒരു മീറ്റർ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റർ വീതിയിലാകും ഗതാഗതം.

വാടാനാംകുറുശ്ശി മേൽപ്പാലം
34 കോടിയാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത്. സാധാരണ കോൺക്രീറ്റ് നിർമ്മാണ രീതിയിൽ നിന്നും വ്യത്യസ്തമായി സ്റ്റീൽ കൂടുതൽ ഉപയോഗിച്ചാണ് നിർമ്മാണം. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.