അലനല്ലൂർ: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടോപ്പാടം അമ്പലപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കായി ഇരട്ടവാരിയിൽ വീട് നിർമ്മാണം ആരംഭിച്ചു. സബ് കളക്ടർ അർജുൻ പാണ്ഡ്യൻ തറക്കല്ലിടൽ നിർവഹിച്ചു. രണ്ടുവർഷം മുമ്പ് തിരുവിഴാംകുന്ന് അമ്പലപ്പാറ, കരടിയോട് മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകരുകയും അപകട ഭീഷണി നേരിടുകയും ചെയ്തിരുന്നു. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായാണ് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണത്തിന് തുടക്കമിട്ടത്.
2018ലെ ഉരുൾപൊട്ടലിൽ കരടിയോട് കോളനിയിൽ മൂന്നുപേർ മരിച്ചിരുന്നു. ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ കരടിയോട്, അമ്പലപ്പാറ ആദിവാസി കോളനികൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കോളനികളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവർത്തനം ആരംഭിച്ചത്.
മേയിൽ പൂർത്തിയാകും
വീടുകളുടെ നിർമ്മാണം മേയിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലം വാങ്ങുന്നതിനും വീട് വെക്കുന്നതിനും പത്തുലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ളത്. കരടിയോട് 15 കുടുംബങ്ങൾക്കും അമ്പലപ്പാറയിൽ 40 കുടുംബങ്ങൾക്കുമാണ് വീട് നിർമ്മിക്കുക. കരടിയോട് 13 വീട് നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
അമ്പലപ്പാറ കോളനിയിലെ 35 കുടുംബങ്ങൾക്ക് ഇരട്ടവാരിയിൽ വീട് നിർമ്മാണം ആരംഭിച്ചു. മറ്റ് അഞ്ച് കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കും. കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തും.