road
നിർമ്മാണം പാതിവഴിയിലായ വടക്കഞ്ചേരി- കിഴക്കഞ്ചേരി റോഡ്.

വടക്കഞ്ചേരി: ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വടക്കഞ്ചേരി- കിഴക്കഞ്ചേരി റോഡ് നിർമ്മാണം പൂർത്തിയാകാത്തത് മൂലം നിരവധി യാത്രക്കാർ ദുരിതത്തിൽ. കുണ്ടുകാട് മുതൽ വടക്കഞ്ചേരി ടൗൺ വരെ വരെയുള്ള പാതയാണ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്നത്. അധികൃതർ തിരിഞ്ഞുനോക്കാത്തത് മൂലം നാട്ടുകാർ മന്ത്രിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

പൊടിശല്യം മൂലം യാത്രക്കാരും വ്യാപാരികളും പരിസരവാസികളും ബുദ്ധിമുട്ടിലാണ്. നിർമ്മാണം പാതിവഴിയായ ശേഷം കരാറുകാരൻ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. കുഴിയിൽപ്പെട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

മഴക്കാലത്ത് നഗരത്തിലെ വെള്ളം ഒഴിഞ്ഞുപോകുവാൻ സംവിധാനമില്ല. കിഴക്കഞ്ചേരി, മംഗലംഡാം, വാൽക്കുളമ്പ്, മൂലങ്കോട്, കോരഞ്ചിറ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇതുവഴിയാണ് പോകുന്നത്. ഇടുങ്ങിയ റോഡ് വീതികൂട്ടണമെന്ന ആവശ്യം ശക്തമാണ്. മംഗലംപാലം പുനർനിർമ്മാണം നടക്കുന്നതിനാൽ നെന്മാറ ഭാഗത്തേക്കുള്ള യാത്രക്കാരും ഈ പാത ആശ്രയിക്കുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് വരുന്നവരും ദുരിതത്തിലാണ്.

നവീകരണം കൈയേറ്റം ഒഴിപ്പിക്കാതെ

വടക്കഞ്ചേരി നഗരത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയാണ് അഴുക്കുചാൽ നിർമ്മിച്ചത്. മൂന്നുകോടി ചിലവിട്ടാണ് റോഡ് നിർമ്മാണം. കമ്മാന്തറ ജംഗ്ഷനിൽ വെള്ളച്ചാൽ നിർമ്മാണം അപൂർണമാണ്. റോഡിന്റെ പല ഭാഗത്തും കച്ചവട സ്ഥാപനങ്ങൾ അനധികൃതമായി റോഡിലേക്ക് തള്ളിയാണ് നിൽക്കുന്നത്. വെള്ളച്ചാലുകൾ വീതികൂട്ടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സുനിത ജംഗ്ഷൻ മുതൽ ചന്തപ്പുര വരെ വീതിക്കുറവ് പരിഹരിക്കാൻ നടപടിയായിട്ടില്ല.

-പൊടിമൂലം കടതുറക്കാൻ കഴിയുന്നില്ല. ഗതാഗതകുരുക്കും വലിയ പ്രശ്നമാണ്.

-സുനിത, വ്യാപാരി.

പൊടിശല്യം മൂലം രോഗിയായ ഭാര്യയും ഞാനും ബുദ്ധിമുട്ടുന്നു. പണി കഴിയുന്നത് വരെ മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചാലോ എന്നാലോചിക്കുകയാണ്.

-വാസുദേവൻ, നാട്ടുകാരൻ.

-നെല്ലിക്കോട് നിന്ന് ദിവസവും ജോലി ആവശ്യത്തിന് വടക്കഞ്ചേരിയിൽ വന്നുപോകുന്നു. പാതയുടെ തകർച്ച കാരണം അരമണിക്കൂർ മുമ്പ് വീട്ടിൽ നിന്നിറങ്ങണം.

-സജ്ന, യാത്രക്കാരി.