road
തകർന്നു കിടക്കുന്ന ബ്രഹ്മൻചോല തുമ്പക്കണ്ണി റോഡ്.

ശ്രീകൃഷ്ണപുരം: വർഷങ്ങളായി തകർന്നുകിടക്കുന്ന ബ്രഹ്മൻചോല- തുമ്പക്കണ്ണി റോഡ് ഉടൻ അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ടിലെ എളുപ്പമാർഗമെന്ന നിലയിൽ നിരവധി വാഹനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.

മൂന്നുവർഷമായി ടാർ ഇളകി കുഴികളും ഉരുളൻ കല്ലുകളുമായി റോഡിന്റെ തകർച്ച പൂർണ്ണമാണ്. തണ്ണീർപന്തൽ മുതൽ കുളക്കാട്ടുകുറിശ്ശി മണ്ണമ്പറ്റ റോഡ് വരെ കാൽനട പോലും ദുസ്സഹമാണ്. കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിക്കെന്ന പേരിൽ പൊളിച്ചിട്ടെങ്കിലും ഒന്നും നടന്നില്ല.

തുമ്പക്കണ്ണി പാലത്തിന് ഇരുവശവും വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ശ്രീകൃഷ്ണപുരം, കരിമ്പുഴ പഞ്ചായത്തുകളിയി കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും തികഞ്ഞ അവഗണനയാണെന്ന ആരോപണം ശക്തമാണ്.

പ്രക്ഷോഭം നടത്തും

റോഡ് ഉടൻ നവീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി എളമ്പുലാശ്ശേരി മേഖല കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് വിജയൻ മലയിൽ, രാധാകൃഷ്ണൻ, വിജിത, ടി.രാജൻ, സുന്ദരൻ സംസാരിച്ചു.