election

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ​ മുന്നണികൾ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. ഇടതു-വലതു മുന്നണികളും എൻ.ഡി.എയും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അനൗദ്യോഗിക ചർച്ച ആരംഭിച്ചു. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന എന്നതിനാൽ ആദ്യം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് മുന്നിലെത്താനാണ് മുന്നണികളുടെ ശ്രമം.

നിലവിൽ ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും​ ഇടതിനൊപ്പമാണ്​. തൃത്താല, പാലക്കാട്, മണ്ണാർക്കാട് എന്നിവയാണ് യു.ഡി.എഫിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുമുന്നണി ഒരുക്കം നടത്തുന്നത്. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ താഴെ തട്ടിലുള്ള സ്​ക്വാഡ്​ പ്രവർത്തനം പുരോഗമിക്കുകയാണ്​.

തലമുതിർന്ന നേതാവ് വി.എസ്​.അച്യുതാനന്ദൻ, കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ,​ പി.ഉണ്ണി എന്നിവരുൾപ്പെടെ സി.പി.എമ്മിലെ മൂന്ന് എം.എൽ.എമാർ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന.

കെ.വി.വിജയദാസിന്റെ നിര്യാണത്തോടെ കോങ്ങാട് മുൻ എം.പി എസ്​.അജയകുമാറിനെ മത്സരിപ്പിക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്. യു.ഡി.എഫിൽ കെ.എ.തുളസിയെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഉണ്ണിക്ക്​ പകരം ഒറ്റപ്പാലത്ത്​ കെ.ജയദേവന്റെ പേരാണ് ആദ്യഘട്ടത്തിൽ ഉയരുന്നത്. കഴിഞ്ഞ തവണ ഷാനിമോൾ ഉസ്​മാൻ മത്സരിച്ച ഒറ്റപ്പാലത്ത്​ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഡോ.സരിനെ യു.ഡി.എഫ് പരിഗണിക്കുന്നു. ആലത്തൂരിൽ കെ.ഡി.പ്രസേനനും നെന്മാറയിൽ കെ.ബാബുവിനും സി.പി.എം രണ്ടാം ഊഴം നൽകിയേക്കും. ഷൊർണൂരിൽ പി.കെ.ശശി വീണ്ടും മത്സരിക്കാനാണ്​ സാദ്ധ്യത. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തിയ അദ്ദേഹം സ്വയം ഒഴിവാകുകയാണെങ്കിൽ മാത്രം പ്രമുഖരെ പരിഗണിക്കും. യൂത്ത്​ കോൺഗ്രസ്​ ജില്ലാ പ്രസിഡന്റ് ഫിറോസ്​ ബാബുവിനാണ്​ ഇവിടെ കോൺഗ്രസ് നിറുത്താൻ സാദ്ധ്യത.

സി.പി.ഐക്ക് നൽകിയിട്ടുള്ള രണ്ട് സീറ്റിൽ പട്ടാമ്പിയിൽ മുഹമ്മദ്​ മുഹ്​സിൻ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് മുൻ എം.എൽ.എ സി.പി.മുഹമ്മദ്​, മുൻ നഗരസഭാദ്ധ്യക്ഷൻ കെ.എസ്​.ബി.എ തങ്ങൾ എന്നിവരുടെ പേര് യു.ഡി.എഫിന്റെ പരിഗണനയിലുണ്ട്​. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് യൂത്ത്​ കോൺഗ്രസും രംഗത്തുണ്ട്.

മണ്ണാർക്കാട്ട്​​ മുസ്ലിം ലീഗ്​ എൻ.ഷംസുദ്ദീനെ തന്നെ കളത്തിലിറക്കുമെന്നാണ്​ സൂചന. സി.പി.ഐ മത്സരിക്കുന്ന ഇവിടെ ആരെ നിറുത്തണമെന്ന് പാർട്ടി ചർച്ച ചെയ്​തിട്ടില്ല. ഇതിനിടെ വ്യവസായിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ശുപാർശ ചെയ്ത് ബിഷപ്പ് ഹൗസ്,​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തുനൽകിയത് വിവാദമായിരുന്നു.

ചിറ്റൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ​തന്നെയാകും സ്ഥാനാർത്ഥി. അദ്ദേഹം ഒഴിവാകുകയാണെങ്കിൽ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്റ്​ മുരുകദാസിനാണ്​ സാദ്ധ്യത.

ആരാകും മലമ്പുഴയിലെ വി.ഐ.പി?​

വി.ഐ.പി മണ്ഡലമായ മലമ്പുഴയിൽ വി.എസി​ന്റെ അഭാവത്തിൽ ഇത്തവണയും ജില്ലയ്ക്ക് പുറത്തുനിന്നുള്ള പേരുകൾ പരിഗണനയിലുണ്ട്. നാലുപതിറ്റാണ്ടായി വി.ഐ.പി മണ്ഡലമാണിത്. മുമ്പ്​​ ഇ.കെ.നായനാരും ടി.ശിവദാസമേനോനും മലമ്പുഴയെ പ്രതിനിധീകരിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവ​ന്റെ പേരാണ്​ നിലവിൽ ഉയരുന്നത്​. ജില്ലയിൽ നിന്നുള്ള ഒരാൾ മതിയെന്ന അണികളുടെ വികാരം കണക്കിലെടുത്താൽ എൻ.എൻ.കൃഷ്​ണദാസ്, എം.ബി.രാജേഷ്​, എ.പ്രഭാകരൻ, പി.എ.ഗോകുൽദാസ്​, സുഭാഷ്​ ചന്ദ്രബോസ്​ എന്നിവരിൽ ഒരാൾ മത്സരിക്കും.


ജില്ലാ ആസ്ഥാനത്ത് തീപാറും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ബി.ജെ.പിക്കും പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാലക്കാട് ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുക ഇടതുമുന്നണിക്ക് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ടുതവണ യു.ഡി.എഫിലെ ഷാഫി പറമ്പിൽ വിജയിച്ച മണ്ഡലത്തിൽ കോൺഗ്രസ് വേറൊരു പരീക്ഷണത്തിന് തയ്യാറല്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണെങ്കിൽ മണ്ഡലത്തിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലായി മാറിയിട്ടുണ്ട്. ബി.ജെ.പി ഇത്തവണ മണ്ഡലം പിടിക്കാൻ യുവനേതാവ് സന്ദീപ് വാര്യരെ പരിഗണിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ കഴിഞ്ഞ തവണത്തെ പോലെ മലമ്പുഴയിൽ ജനവിധി തേടിയേക്കും. യുവ-വനിതാ നേതാക്കളെ രംഗത്തിറക്കി മത്സരം കൊഴുപ്പിക്കാനാണ് സി.പി.എം നോട്ടം.

തൃത്താലയിൽ അങ്കം മുറുകും

തുടർഭരണം ലക്ഷ്യമിട്ടിറങ്ങുന്ന ഇടതുമുന്നണി, സി.പി.എമ്മിന് വേരോട്ടമുള്ള തൃത്താല പോലുള്ള മണ്ഡലങ്ങളിൽ ശക്തരായ എതിരാളിയെ നിറുത്തി സീറ്റ് പിടിക്കാൻ ശ്രമം തുടങ്ങി. അങ്ങനെയെങ്കിൽ വി.ടി.ബൽറാമിനെതിരെ എം.ബി.രാജേഷിനെ കളത്തിലിറക്കിയേക്കും. ശക്തനായ സ്ഥാനാർത്ഥി ഇല്ലാത്തതിനാലാണ്​ ഇടതിന്​ മേൽക്കോയ്​മ ഉണ്ടായിട്ടും യു.ഡി.എഫ് കഴിഞ്ഞ രണ്ടുതവണയും ജയിച്ചതെന്ന പരാതി പാർട്ടി പ്രവർത്തകർക്കുണ്ട്​. സ്വരാജിന്റെ പേരും ഇവിടെ പരിഗണിക്കപ്പെടുന്നു.​

തരൂരിൽ ശാന്തകുമാരി?​

എ.കെ.ബാലൻ പാർലിമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിഞ്ഞാൽ തരൂരിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയെ മത്സരിപ്പിച്ചേക്കും. മൂന്നുതവണ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഒരു തവണ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷയും കഴിഞ്ഞ തവണ പ്രസിഡന്റുമായിരുന്നു അവർ. മണ്ഡലത്തിലെ കോട്ടായി സ്വദേശിയാണെന്നതും അനുകൂല ഘടകമാണ്. യു.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്ന സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കും.