board
കരിമ്പാറ- പേഴുംപാറ റോഡ് നെന്മാറ- നെല്ലിയാമ്പതി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ദിശാസൂചികകൾ.

നെന്മാറ: പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിന്റെ ബോർഡിനെ മറച്ചുകൊണ്ട് അതേ സ്ഥലത്ത് റോഡ് സുരക്ഷാ അതോറിറ്റിയുടെ മറ്റൊരു ദിശാസൂചിക ബോർഡ്. രണ്ടു ബോർഡുകളും ഒരു സ്ഥലത്തു വന്നതോടെ വാഹന യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

കരിമ്പാറ പേഴുംപാറ റോഡ് നെന്മാറ നെല്ലിയാമ്പതി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം സ്ഥാപിച്ച ബോർഡ്. ഇതിന് തൊട്ടുമുന്നിലായി റോഡ് സുരക്ഷാ അതോറിറ്റിയുടെ ബോർഡ് ആദ്യ ബോർഡിനെ മറയ്ക്കുന്ന രീതിയിലാണ് സ്ഥാപിച്ചത്.

പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോർഡിൽ നെന്മാറ, നെല്ലിയാമ്പതി എന്നു മാത്രമേയുള്ളൂ. റോഡ് സുരക്ഷാ അതോറിറ്റിയുടെ ബോർഡിൽ ഇതുകൂടാതെ പോത്തുണ്ടിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇരു ബോർഡുകളിലും ബോർഡ് സ്ഥാപിച്ച ജംഗ്ഷൻ സ്ഥലത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഇരു ബോർഡിലും ദൂരവും രേഖപ്പെടുത്തിയിട്ടില്ല. ആദ്യം പൊതുമരാമത്ത് വകുപ്പാണ് ബോർഡ് സ്ഥാപിച്ചത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ബോർഡ് സ്ഥാപിക്കുമ്പോൾ തൊട്ടുമുന്നിലുള്ള ബോർഡ് മറയാതെ നോക്കാനോ അല്പം അകലെ മാറ്റി സ്ഥാപിക്കാനോ അധികൃതർ തയ്യാറായില്ല.

ബോർഡ് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയവരോ സ്ഥാപിച്ച കരാറുകാരോ ശ്രദ്ധിക്കാത്തതിനാൽ നിലവിൽ പൊതുജനങ്ങളാണ് ആശയക്കുഴപ്പത്തിലായത്.