cow

പാലക്കാട്: ജില്ലയിൽ ഒരു ഇടവേളയ്ക്കുശേഷം കന്നുകാലികളിൽ കുളമ്പുരോഗം വർദ്ധിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ 73 കേസ് റിപ്പോർട്ട് ചെയ്തു. ഡിസംബർ പത്തുമുതൽ ജനുവരി 23 വരെയുള്ള കണക്കാണിത്.

വർഷത്തിൽ ആറുമാസം കൂടുമ്പോൾ രണ്ടുതവണ രോഗപ്രതിരോധ കുത്തിവയ്പ് നടത്തണം. എന്നാൽ ലക്ഷണം കണ്ടുതുടങ്ങിയിട്ടും രണ്ടാംഘട്ട കുത്തിവയ്പ് ഇതുവരെ ആരംഭിച്ചില്ല. കഴിഞ്ഞ നവംബറിൽ തുടങ്ങേണ്ട കുത്തിവയ്പാണ് നീളുന്നത്. ജില്ലയിൽ 1.76 ലക്ഷം കന്നുകാലികളാണ് ആകെയുള്ളത്.

രോഗകാരണം

കന്നുകാലികൾ, പന്നി, ആട് തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം.

രോഗം ബാധിച്ച മൃഗങ്ങളുടെ ചർമ്മത്തിൽ വൈറസുണ്ടാകും.

ഈ മൃഗങ്ങളുമായോ അവയുടെ വിസർജ്യം, മാംസം, സ്രവം, പാൽ തുടങ്ങിയവയുമായോ ഉള്ള സമ്പർക്കം മൂലം രോഗം പകരും.

പുല്ല്, വൈക്കോൽ, തൊഴുത്തിലെ മറ്റു വസ്തുക്കൾ തുടങ്ങി പാൽപ്പാത്രങ്ങളിലൂടെയും വൈറസ് പകരാം.

രോഗലക്ഷണം

ശക്തിയായ പനി.

കുളമ്പുകൾക്കിടയിൽ വ്രണം.

വായിൽ നിന്ന് ഉമിനീർ നൂലുപോലെ ഒലിക്കും, തീറ്റയെടുക്കാൻ മടി.

നാക്ക്, മോണ എന്നിവിടങ്ങളിൽ ദ്രാവകം നിറഞ്ഞ കുമിള.

ഇവ പിന്നിട് വൃണങ്ങളാകും.

നിയന്ത്രണമാർഗം


പ്രതിരോധ കുത്തിവെയ്പാണ് ഫലപ്രദമായ നിയന്ത്രണ മാർഗം.

തൊഴുത്ത് വൃത്തിയായി പരിപാലിക്കുക.

ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടുക.

ദിവസം രണ്ടുനേരമെങ്കിലും അണുനാശിനി കൊണ്ട് (പൊട്ടാസ്യം പെർമാംഗനേറ്റ്, ക്ലോറിൻ, അക്രിഫ്ലേവിൻ) വായ, കുളമ്പ് എന്നിവ കഴുകുക.

ആശങ്ക വേണ്ട

നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ക്ഷീരകർഷകർ ജാഗ്രത പാലിക്കണം.

-ഡോ.ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്.

വാക്സിൻ എത്തിയിട്ടില്ല

കൊവിഡ് പ്രതിസന്ധി മൂലം ആവശ്യമായ വാക്സിൻ ലഭ്യമായിട്ടില്ല. വാക്സിൻ കിട്ടുന്ന മുറയ്ക്ക് കുത്തിവയ്പ് ആരംഭിക്കും. ഏതെങ്കിലും മേഖലകളിൽ രോഗബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ ഒന്നാംഘട്ടത്തിലെ സ്റ്റോക്കുള്ള വാക്സിൻ ഉപയോഗിക്കും.

-ഡോ.സുജ, കോ-ഓർഡിനേറ്റർ, അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ട്.