road
കലുങ്ക് നിർമ്മാണം നടക്കുന്ന കുളപ്പുള്ളി-ഷൊർണൂർ റോഡിലെ കുളഞ്ചേരി ഭാഗം.

ഷൊർണൂർ: കുളപ്പുള്ളി- ഷൊർണൂർ റോഡിൽ കുളഞ്ചേരി കുളത്തിന് സമീപത്തെ കലുങ്ക് നിർമ്മാണം പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളുടെ തർക്കത്തിനിടയിലും തുടരുന്നു. ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ സുരക്ഷിത യാത്രയ്ക്കായി പാതയോരത്തെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാതെയാണ് നിർമ്മാണം നടക്കുന്നത്.

പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.ക്ക് കത്ത് പൊതുമരാമത്ത് വകുപ്പ് നൽകിയിരുന്നു. എന്നാൽ എസ്റ്റിമേറ്റ് തയ്യാറാക്കി 26,000 രൂപയോളം അടയ്ക്കാനാവശ്യപ്പെട്ടാണ് പി.ഡബ്ലിയു.ഡിക്ക് കെ.എസ്.ഇ.ബി മറുപടി നൽകിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പ്രകാരം 25 ലക്ഷം ചെലവിലാണ് കലുങ്ക് നിർമ്മാണ്.

സുരക്ഷയ്ക്ക് എന്തുവില

പ്രവൃത്തി പൂർത്തിയാക്കി ഒരു വശത്തിലൂടെ ഗതാഗതം സാദ്ധ്യമാക്കിയിട്ടുണ്ട്. മറുഭാഗത്ത് വൈദ്യുത പോസ്റ്റിനോട് ചേർന്ന് നിർമ്മാണം പുരോഗമിക്കുന്നു. കലുങ്കിലൂടെ ഗതാഗതം പൂർണ തോതിലാകുമ്പോൾ പോസ്റ്റ് സുരക്ഷിത യാത്രയ്ക്ക് വെല്ലുവിളിയാണ്. വകുപ്പുകൾ പിടിവാശി വെടിഞ്ഞ് വിഷയത്തിൽ ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഗതാഗതക്കുരുക്ക്

കലുങ്ക് നിർമ്മാണത്തെ തുടർന്ന് ഷൊർണൂരിൽ നിന്ന് കുളപ്പുള്ളി വരെയുള്ള മൂന്ന് കി.മീ താണ്ടാൻ 20 മിനിറ്റാണ് വേണ്ടി വരുന്നത്. വാഹനങ്ങളുടെ നീണ്ടനിരയാണ് ദിനേന അനുഭവപ്പെടുന്നത്. പൊതുവാൾ ജംഗ്ഷനിൽ നിന്ന് കവളപ്പാറ വഴി ഗതാഗതം ക്രമീകരിച്ചിട്ടുണ്ടെങ്കിലും കുരുക്കിന് ശമനമില്ല. ഫെബ്രുവരി രണ്ടാംവാരം പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

പൊതുമരാമത്ത് പ്രവൃത്തികൾക്കിടെ മറ്റു വകുപ്പുകൾ ചെയ്തുതരേണ്ട കാര്യങ്ങൾക്ക് തുക നൽകേണ്ടതില്ലെന്ന് നിർദ്ദേശമുണ്ട്. ഇക്കാരണത്താൽ പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടി കെ.എസ്.ഇ.ബിയാണ് സ്വീകരിക്കേണ്ടത്.

-പൊതുമരാമത്ത് വകുപ്പ്.

പൊതുമരാമത്ത് വകുപ്പ് കത്തിലാവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായ നടപടിയാണ് നടന്നത്. തുക അടച്ചാൽ മാത്രമേ പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ചട്ടം അനുവദിക്കുന്നുള്ളൂ. ഇക്കാര്യം പി.ഡബ്ലിയു.ഡിയെ അറിയിച്ചിട്ടുണ്ട്.

-വൈദ്യുതി വകുപ്പ്.