fire-force

 നഗരപരിധിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 34 തീപിടുത്തങ്ങൾ

പാലക്കാട്: ജില്ലയിൽ വേനൽ കനക്കുംമുമ്പേ തീപിടുത്തങ്ങൾ വ്യാപകമാകുകയാണ്. ഇനി വേനൽ കഴിയുന്നതുവരെ ഫയർഫോഴ്സ് ജീവനക്കാർക്ക് നെട്ടോട്ടമാണ്. ഈ മാസം 26 ദിവസം പിന്നിടുമ്പോഴേക്കും നഗരപരിധിയിൽ മാത്രം 34 അഗ്നിബാധകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുകൂടാതെ 12 ഇൻസിഡന്റ് കോളുകളും വന്നതായി അധികൃതർ വ്യക്തമാക്കുന്നു.

ജില്ലയിൽ കഴിഞ്ഞ ദിവസത്തെ ഉയർന്ന ചൂട് 36 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ചൂട് കൂടുന്ന സാഹചര്യത്തിൽ തീപിടിത്തവും വർദ്ധിക്കാൻ സാധ്യതയേറെയാണ്. ജനങ്ങളുടെ അശ്രദ്ധയാണ് മിക്ക തീപിടിത്തങ്ങൾക്കും കാരണം. പാതയോരങ്ങളിലെ മാലിന്യങ്ങൾ കത്തിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ പൊതുജനം ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറണമെന്നും അധികൃതർ പറയുന്നു.

 വേനൽ കടുത്താൽ വെള്ളത്തിനും ക്ഷാമം

നിലവിൽ ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നത് കനാലുകൾ വഴിയാണ്. മലമ്പുഴയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഫ്ലോട്ട് പമ്പ് ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്. എന്നാൽ വേനൽ കടുക്കുന്നതോടെ വെള്ളത്തിന്റെ ലഭ്യത കുറയും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തീപിടിത്തങ്ങളും കൂടാൻ സാധ്യതയേറെയാണ്. അത്തരം സമയങ്ങളിൽ പൊതുജലാശങ്ങൾ കൂടാതെ സ്വകാര്യ കിണറുകളെകൂടി ആശ്രയിക്കേണ്ടി വരും.

 പ്രതിസന്ധികളെ നേരിടാൻ സജ്ജം
തീപിടിത്തങ്ങൾ തടയാനായി വേനൽ തുടങ്ങുന്നതിന് മുമ്പേ ജില്ലയിലെ സ്റ്റേഷനുകളിൽ ഫയർ ആന്റ് റെസ്‌ക്യൂ ടീം സജ്ജമാണെന്ന് ജില്ലാ ഫയർ ഓഫീസർ അരുണ ഭാസ്‌കർ പറഞ്ഞു. ഏഴ് യൂണിറ്റുകളിലും പരിശീലനം നേടിയ ജീവനക്കാരും ആവശ്യത്തിനുള്ള വാഹനങ്ങളും തയ്യാറാണ്. 11,500 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗൺസറിനു പുറമെ 700 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കുള്ള വാഹനങ്ങളുമുണ്ട്.

പൊതുജനം ശ്രദ്ധിക്കണം
 വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക
 മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
 പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക
 ചപ്പുചവറുകൾ കത്തിക്കുമ്പോൾ തീ പൂർണമായി അണയ്ക്കാതെ പരിസരത്തു നിന്നു മാറരുത്
 സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർലൈൻ ഒരുക്കുകയും തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
 രാത്രിയിൽ തീയിടാതിരിക്കുക

-സ്റ്റേഷൻ- ഫയർ കോൾ- ഇൻസിഡന്റ് കോൾ (ജനുവരി 26 വരെ)

1.പാലക്കാട്- 34- 12

2.കഞ്ചിക്കോട്- 05- 29

3.ആലത്തൂർ- 06- 03

4.ഷൊർണൂർ- 05- 05

5.മണ്ണാർക്കാട്- 08- 08

6.വടക്കഞ്ചേരി- 11- 08

7.ചിറ്റൂർ- 04- 13