പാലക്കാട്: കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത നേതാവാണ് വി.എസ്.അച്യുതാനന്ദൻ. അനാരോഗ്യം കാരണം ഇത്തവണ അദ്ദേഹം മത്സര രംഗത്തുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. വി.എസ് സജീവമല്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തിന് പകരക്കാരൻ ആരാവുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
കേരളത്തിലെ വി.ഐ.പി മണ്ഡലങ്ങളിലൊന്നായ മലമ്പുഴയ്ക്ക്, ആദ്യ തിരഞ്ഞെടുപ്പ് മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണുള്ളത്.1980 ലും 82ലും ഇ.കെ.നായനാരും, 1987മുതൽ തുടർച്ചയായി മൂന്നു തവണ ടി.ശിവദാസമേനോനും മലമ്പുഴയിൽ നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. 2001 മുതൽ മലമ്പുഴ വി.എസിനൊപ്പമായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. ഉയർന്നു കേൾക്കുന്ന പേരുകൾ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, മുൻ എം.പി എം.ബി.രാജേഷ് എന്നിവരുടെ പേരുകളാണ്. പുറമേ നിന്നുള്ള സ്ഥാനാർത്ഥികൾ മലമ്പുഴയ്ക്ക് ഇനി വേണ്ടെന്നാണ് സി.പി.എമ്മിലെ പ്രാദേശിക വികാരം. മുതിർന്ന നേതാക്കൾ വിജയിച്ച് കയറി കാബിനറ്റ് പദവിയിലെത്തുമ്പോൾ, എം.എൽ.എ എന്ന നിലയ്ക്ക് മണ്ഡലത്തിലെ ഇടപെടലുകൾക്ക് വലിയ പരിമിതികൾ ഉണ്ടാകാറുണ്ടെന്നും. പാർട്ടിക്കുള്ളിലെ ഈ അതൃപ്തി പ്രതിപക്ഷം പ്രത്യേകിച്ച്, മണ്ഡം നോട്ടമിടുന്ന ബി.ജെ.പി മുതലെടുക്കാതിരിക്കാൻ കൂടിയാണ് പ്രദേശിക ഘടകം കടുത്ത നിലപാടിനൊരുങ്ങുന്നത്.
2016ൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറാണ് വി.എസിന് പിന്നിൽ രണ്ടാമതെത്തിയത്. 27000 ത്തോളം വോട്ടുകളായിരുന്നു വി.എസിന്റെ ഭൂരിപക്ഷം. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലമ്പുഴ, എലപ്പുള്ളി, പുതുശേരി, അകത്തേത്തറ, മുണ്ടൂർ എന്നിവിടങ്ങളിൽ ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കി. മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ വോട്ടു ശതമാനത്തിൽ വലിയ വർദ്ധനയുമുണ്ടായി. രണ്ടു മണ്ഡലങ്ങളും ബി.ജെ.പിയുടെ എ പ്ലസ് ലിസ്റ്റിലാണുള്ളത്.
സി.ഐ.ടി.യു സംസ്ഥാന നേതാവ് എ.പ്രഭാകരൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഗോഗുൽദാസ്, പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, എന്നിവരുടെ പേരുകളാണ് പ്രാദേശിക തലത്തിൽ പറഞ്ഞു കേൾക്കുന്നത്. എന്നാൽ, സുഭാഷ് ചന്ദ്രബോസിന് മലമ്പുഴയുടെയും, ഗോകുൽദാസിന് കോങ്ങാടിന്റെയും ചുമതല നൽകിയതിനാൽ ഇരുവരും മത്സര രംഗത്തുണ്ടാകില്ല.സസ്പെൻസ് നിലനിറുത്തി ഇത്തവണയും മലമ്പുഴയിൽ താര സ്ഥാനാർത്ഥി വരുമോയെന്ന് കണ്ടറിയണം.