പാലക്കാട്: കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്നത് 98.1 കോടിയുടെ വികസന പ്രവർത്തനങ്ങൾ. മലമ്പുഴയിൽ പുതിയ സബ് സ്റ്റേഷൻ, ആലത്തൂരിലും നെന്മാറയിലും ഒലവക്കോടും പുതിയ ലൈനുകളുടെ നിർമ്മാണം, വോൾട്ടേജ് ഉയർത്തൽ, സബ് സ്റ്റേഷനുകളുടെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയാണ് പ്രധാനം.
ഒലവക്കോട്, കൽപ്പാത്തി, പുത്തൂർ നഗരസഭാ പ്രദേശങ്ങളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും നിലനിന്നിരുന്ന വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസത്തിനും ശാശ്വത പരിഹാരം കണ്ടെത്താൻ മലമ്പുഴയിൽ അഞ്ച് കോടി ചെലവിൽ 33 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി. 32 കോടി ചെലവിൽ ആലത്തൂരിൽ 20 കി.മീറ്ററിൽ 110 കെ.വി നെന്മാറ - വടക്കഞ്ചേരി ഡബിൾ സർക്യൂട്ട് ലൈൻ, നെന്മാറയിൽ 17 കി.മീറ്ററിൽ 110 കെ.വി കൊല്ലങ്കോട് - നെന്മാറ ഡബിൾ സർക്യൂട്ട് ലൈൻ എന്നിവയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 2.45 കോടി ചെലവിൽ 8.5 കി.മീ 33 കെ.വി ഒലവക്കോട് - മലമ്പുഴ ഓവർ ഹെഡ്‌ലൈൻ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു. പാലക്കാട് ജില്ലയ്ക്ക് മുഴുവനായി അഡീഷണൽ ലോഡ് നൽകുന്നതിന് മലമ്പുഴ നിയോജകമണ്ഡലത്തിൽ പാലക്കാട് 220 കെ.വി സബ്‌സ്റ്റേഷനിൽ പുതുതായി 10 കോടിയുടെ 220/110 കെ.വി 160 എം.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു.
രണ്ട് പ്രവർത്തികൾ അന്തിമഘട്ടത്തിൽ
പാലക്കാട് വെണ്ണക്കരയിൽ 39.5 കോടിയുടെ 110 കെ.വി സബ്‌സ്റ്റേഷന്റെയും 2.5 കോടി ചെലവിൽ പട്ടാമ്പി 110 കെ.വി സബ്‌സ്റ്റേഷന്റെയും നിർമ്മാണം പൂർത്തിയാവുകയാണ്. 6.65 കോടി ചെലവിൽ 66 കെ.വി നെന്മാറ സബ്‌സ്റ്റേഷൻ 110 കെ.വിയായി നവീകരിക്കുന്ന പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഈ രണ്ടു പ്രവൃത്തികളും ഫെബ്രുവരിയോടെ പൂർത്തിയാക്കും.
സോളാറുമായി അനെർട്ട്
ജില്ലയിൽ സൗരോർജ്ജ വൈദ്യുതിക്ക് പ്രോത്സാഹനമായി നിരവധി പദ്ധതികളാണ് അനെർട്ട് ആവിഷ്‌കരിച്ചത്. രണ്ടായിരത്തോളം സോളാർ റാന്തലുകൾ, 169 ബയോഗ്യാസ് പ്ലാന്റുകൾ, സൗരോർജ്ജ വാട്ടർ ഹീറ്റർ, സോളാർ റൂഫ് ടോപ്പ് പദ്ധതികൾ ജില്ലയിൽ നടപ്പാക്കി. സർക്കാർ ഓഫീസ് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് സാധ്യതാപഠനം നടത്തി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്.