ഒറ്റപ്പാലം: മത്സ്യകൃഷിക്കായി തൊഴിലുറപ്പ് പദ്ധതിയിലൂടെ വാണിയംകുളം പഞ്ചായത്തിൽ പുതുതായി കുഴിച്ചത് 52 കുളങ്ങൾ. ഇതിലേക്കാവശ്യമായ മത്സ്യകുഞ്ഞുങ്ങളെയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ തന്നെ വിതരണം ചെയ്യും. മത്സ്യകൃഷിക്ക് പുറമേ മറ്റ് കാർഷികാവശ്യങ്ങൾക്കുള്ള ജലസേചനത്തിനും ഈ കുളങ്ങളെ ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മാണം.
പഞ്ചായത്തിൽ നിലവിൽ 1400 ഓളം തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. ഇവരിൽ അതാത് മേഖലകളിലെ 20 പേർ ചേർന്നാണ് കുളവും കിണറുകളും നിർമ്മിക്കുന്നത്. കുളങ്ങൾക്ക് പുറമെ 80 കിണറുകളും തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച് നൽകി. ഭംഗിയും വൃത്തിയുമായി ചവിട്ടുപടികളോട് കൂടിയ കുളങ്ങളാണ് നിർമ്മിക്കുന്നത്. സ്ഥല ലഭ്യതയ്ക്കനുസരിച്ച് കുളത്തിന്റെ വലിപ്പവും മാറും. കഴിഞ്ഞ വർഷത്തെ ആക്ഷൻ പ്ലാനിൽ 3.5 കോടി രൂപയുടെ പ്രവർത്തികളാണ് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കിയത്.
ജലലഭ്യത ഉറപ്പാക്കുക ലക്ഷ്യം
ഈ വർഷം ജനുവരിയിൽ 3.65 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. കുളങ്ങളും കിണറുകളും കുഴിച്ച് ജലലഭ്യത ഉറപ്പാക്കി ഭൂഗർഭജല ചൂഷണം കുറയ്ക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. മാന്നനൂർ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതോടെ കുഴൽ കിണറുകൾ ഇല്ലാതെ തന്നെ എല്ലാ വീടുകളിലേക്കും വെള്ളം എത്തിക്കാനാകും.
കെ.ഗംഗാധരൻ, വാണിയംകുളംപഞ്ചായത്ത് പ്രസിഡന്റ്