ശ്രീകൃഷ്ണപുരം: പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ രാജാവ് ഗജരാജൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 62 വയസായിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളാൽ ഒരാഴ്ചയായി തീറ്റ എടുത്തിരുന്നില്ല.
സ്വഭാവശുദ്ധിയും ലക്ഷണത്തികവുമാണ് കർണനെ വ്യത്യസ്തനാക്കുന്നത്. 1989ൽ ബീഹാറിലെ ചപ്രയിൽ നിന്നു നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് കർണനെ നാട്ടിലെത്തിച്ചത്. തലപ്പൊക്ക മത്സരത്തിന് ആദ്യമായി എത്തുമ്പോൾ എഴുത്തച്ഛൻ കർണൻ എന്നായിരുന്നു പേര്. ഒറ്റപ്പാലം മനിശീരിയിലെ ഹരി കർണനെ സ്വന്തമാക്കിയതോടെ മനിശീരി കർണനായി. മംഗലാംകുന്ന് ആന തറവാട്ടിലെ സഹോദരന്മാരായ പരമേശ്വരൻ, ഹരിദാസ് എന്നിവർ വാങ്ങിയതോടെ മംഗലാംകുന്ന് കർണനായി. ഇഭകുല ചക്രവർത്തി, ഗജരാജ വൈഡൂര്യം എന്നിങ്ങനെ അംഗീകാരങ്ങളും പട്ടങ്ങളും നേടിയിട്ടുണ്ട്. ഒരിക്കൽ ചാലിശ്ശേരി പൂരത്തിന് കർണന് ആരാധകർ സമ്മാനിച്ചത് 46000 രൂപയുടെ നോട്ടുമാല. ഇന്നലെ വൈകിട്ടോടെ വാളയാർ കാട്ടിൽ സംസ്‌കരിച്ചു.
പ്രത്യേകതകൾ
ഉയരം 302 സെന്റിമീറ്റർ. ലക്ഷണമൊത്ത 18 നല്ല നഖങ്ങൾ, ഉയർന്നു വിരിഞ്ഞ മസ്തകം, വായുകുഭം പരന്നത്, നീണ്ട തുമ്പിക്കൈ, നല്ല ഇടനീട്ടം, ചെവി വലിപ്പം പാകത്തിന്, അഴകൊത്ത കൊമ്പുകൾ.
വെള്ളിത്തിരയിലും താരം
മലയാള സിനിമയിലും ബോളിവുഡിലുമൊക്കെ അഭിനയിച്ച താരമാണ് മംഗലാംകുന്ന് കർണൻ. മോഹൻലാൽ നായകനായ നരസിംഹം, കഥാനായകൻ എന്നീ ചിത്രങ്ങൾക്കു പുറമെ മണിരത്നം സംവിധാനം ചെയ്ത ദിൽസെയിലും മംഗലാംകുന്ന് കർണൻ നിറഞ്ഞുനിന്നിരുന്നു. ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.