പാലക്കാട്: സാംസ്‌കാരിക വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധയിടങ്ങളിലായി ഉയരുന്നത് 78.56 കോടിയുടെ ചരിത്ര സ്മാരകങ്ങൾ. വിഖ്യാത കർണാടക സംഗീതജ്ഞൻ എം.ഡി.രാമനാഥന്റെ ജന്മനാടായ മഞ്ഞപ്രയിൽ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഒരുകോടി ചെലവിൽ നിർമ്മിച്ച സ്മാരകത്തിൽ ഓഡിറ്റോറിയം, സ്വീകരണ അതിഥി മുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
തസ്രാക്കിലെ ഞാറ്റുപുരയിൽ തനിമ നഷ്ടപ്പെടാത്തവിധമാണ് തിയേറ്റർ ഓൺ ഡിമാന്റ്, കാർട്ടൂൺ ഫോട്ടോ ഗാലറി എന്നിവ സജ്ജമാക്കിയിട്ടുള്ളത്. ഇതുകീടതെ ഒ.വി വിജയൻ സ്മാരകത്തിൽ 3600 സ്‌ക്വയർ ഫീറ്റ് വിസ്തൃതിൽ രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ ഓഫീസ്, സ്റ്റോർ റൂമുകൾ, ഗ്രന്ഥശാല, വിശ്രമ മുറി, പ്രദർശനശാല, ഒ.വി.വിജയൻ നോവലുകൾ അടിസ്ഥാനമാക്കിയുള്ള ചിത്രപ്രദർശന വേദിയും ക്യൂരിയോസ് ഷോപ്പ്, ലഘുഭക്ഷണശാല എന്നിവയും ഒരുക്കിയിട്ടുണ്ട്.
50 ലക്ഷം ചെലവിലാണ് സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന കെ.പി.കേശവമേനോന് സ്മാരകം പണിയുന്നത്, 24.70 ലക്ഷം ചെലവിൽ കൊല്ലങ്കോട് മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരകം, 63.50 ലക്ഷം ചെലവിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നവീകരണം, 10 ലക്ഷം ചെലവിൽ ആലത്തൂർ ആർ.കൃഷ്ണൻ സ്മാരകം എന്നിവയ്ക്കായി ആകെ ചെലവ് 5.98 കോടി രൂപയാണ്. 68.38 കോടി, 2.6 കോടി ചെലവിൽ യഥാക്രമം വി.ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയം, അകത്തേത്തറ ശബരി ആശ്രമം എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. 110750 ചതുരശ്ര അടിയിൽ നിർമിക്കുന്ന വി.ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിൽ ഒപ്പേറ ഹാൾ, സിനിമ തിയേറ്റർ, മ്യൂസിക് ഹാൾ, ആർട്ട് ഗാലറി, സെമിനാർ ഹാൾ, കലാകാരന്മാർക്കുള്ള താമസസൗകര്യം, നാടക പരിശീലന കേന്ദ്രം, വിവരവിതരണ കേന്ദ്രം, സ്മാരക ഹാൾ, ഭരണനിർവഹണ കാര്യാലയം, ശില്പനിർമാണ കേന്ദ്രം, നാടൻകലാകേന്ദ്രം, ഉപഹാരശാല, ഓഡിറ്റോറിയം, ക്ലാസ്മുറികൾ, എന്നിവ ഉൾപ്പെടും.
ഗാന്ധിജി മൂന്ന് തവണ സന്ദർശിച്ച ചരിത്രപ്രാധാന്യമുള്ള അകത്തേത്തറയിലെ ശബരി ആശ്രമത്തിൽ ഓഡിറ്റോറിയം, ഓഫീസ് ബ്ലോക്ക്, ഹോസ്റ്റൽ മന്ദിരം, കുളം, ഓഫീസ് സൗകര്യങ്ങൾ, കൺട്രോൾസെക്യൂരിറ്റി മുറികൾ, കവാടം, കുളപ്പുര, പാതകൾ, ലാൻഡ് സ്‌കേപ്പിങ് തുടങ്ങിയവയാണ് ഒരുക്കുന്നത്. കൂടാതെ, 1.6 കോടി ചെലവിൽ പെരിങ്ങോട്ടുകുറിശ്ശി ഒളപ്പമണ്ണ സ്മാരകം, ബ്രഹ്മാനന്ദ ശിവയോഗി സ്മാരകം, ഇന്ദുചൂഡൻ സ്മാരകം, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരകവും ജില്ലയിൽ ഒരുങ്ങുന്നുണ്ട്.