പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രങ്ങൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധനയും ബോധവത്കരണവും നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞുനിർത്തി ആദ്യം താക്കീത് ചെയ്യും വീണ്ടും നിയമം ലംഘിച്ചാൽ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ ബസ് സ്റ്റാന്റുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും അടഞ്ഞഹാളുകൾ ഉപയോഗിക്കരുത്. തുറസായ സ്ഥലങ്ങളിൽ അകലം പാലിച്ചുവേണം പരിപാടികൾ സംഘടിപ്പിക്കാനെന്നും അധികൃതർ നിർദ്ദേശിച്ചു.
തിങ്കളാഴ്ച മുതൽ കർശന നടപടി
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ തിങ്കളാഴ്ച മുതൽ പൊലീസ് കർശനനടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴയീടാക്കും. രാത്രി പത്തിനുശേഷം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. പൊലീസിന്റെ രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കും. പരിശോധനയ്ക്ക് കൂടുതൽ പൊലീസുകാരെ നിയോഗിക്കും. ജില്ലാ പൊലീസ് ഒാഫീസ്, പാലക്കാട്.
പരിശോധനകൾ വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പ്
ബ്ലോക്ക് അടിസ്ഥാനത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനടുത്തുള്ള പ്രദേശങ്ങളിൽ പരിശോധന ഇരട്ടിയാക്കും. ജില്ലയിലാകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴിനടുത്താണ്. ചില പ്രദേശങ്ങളിൽ ഇത് പത്ത് കടന്നിട്ടുണ്ട്. കൊവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനയും ശക്തമായി നടക്കുന്നുണ്ട്. ജില്ലയിലെ 17 പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ എന്നിവിടങ്ങളിൽ ആന്റിബോഡി പരിശോധനയാണ് നടക്കുന്നത്.
കൊവിഡ് കുത്തിവെപ്പിനായി 26 കേന്ദ്രങ്ങൾ
കൊവിഡ് വാക്സിൻ കുത്തിവെപ്പ് ഇന്നലെ മുതൽ 26 കേന്ദ്രങ്ങളിൽ നടന്നു. കഴിഞ്ഞ ദിവസം വരെ ജില്ലയിലെ 14 കേന്ദ്രങ്ങളിലായാണ് വാക്സിൻ കുത്തിവെപ്പ് നൽകിയിരുന്നത്. ആദ്യഘട്ടത്തിൽ ഇത് ഒമ്പത് ഇടങ്ങളിലായിരുന്നു. വാക്സിനേഷനായി കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ അനുമതി നൽകിയത്. അതാത് ഹെൽത്ത് ബ്ലോക്കുകളിലെ ആളുകളുടെ സൗകര്യത്തിന് അനുസരിച്ച് കേന്ദ്രങ്ങൾ മാറ്റും. വരും ദിവസങ്ങളിൽ കുത്തിവയ്പ് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 2600 ആരോഗ്യപ്രവർത്തകർക്ക് ദിവസേന വാക്സിനേഷൻ നൽകും. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ നൽകുമെങ്കിലും പൂർണ നിയന്ത്രണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാകും നടക്കുക.
ഇതുവരെ കുത്തിവെപ്പെടുത്തത് 11259 പേർ
ജില്ലയിൽ 26 കേന്ദ്രങ്ങളിലായി ഇന്നലെ കൊവിഡ് വാക്സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2269 ആരോഗ്യ പ്രവർത്തകർ. ഇതിൽ 514പേർ പുരുഷൻമാരും 1755പേർ സ്ത്രീകളും ഉൾപ്പെടുന്നു. രജിസ്റ്റർ ചെയ്തവരിൽ 2600 പേർക്കാണ് ഇന്നലെ കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 11259 ആയി.