council
യോഗത്തിൽ നിന്നും യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോകുന്നു

ചെർപ്പുളശ്ശേരി: നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയുടെ കരട് തയ്യാറാക്കാൻ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. വർക്കിംഗ് കമ്മിറ്റി അംഗങ്ങളിൽ യു.ഡി.എഫ് കൗൺസിലർമാർ നിർദ്ദേശിച്ചവരെ ഒഴിവാക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

യോഗം ആരംഭിച്ച ഉടൻ തന്നെ ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു. വർക്കിംഗ് കമ്മിറ്റിയിലേക്ക് യു.ഡി.എഫ് കൗൺസിലർമാർ നൽകിയ ലിസ്റ്റ് വാങ്ങിയശേഷം രാഷ്ടീയവിരോധം വച്ച് സാമൂഹ്യ സേവന രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള ആളുകളുടെ പേരുകൾ പോലും വെട്ടിമാറ്റിയെന്ന് യു.ഡി.എഫ്. കൗൺസിലർമാരായ കെ.എം.ഇസ്ഹാഖ്, ശ്രീലജ വാഴക്കുന്നത്ത് എന്നിവർ ആരോപിച്ചു. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ചാണ് വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്നും അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും ചെയർമാൻ പറഞ്ഞെങ്കിലും തങ്ങൾ നിർദ്ദേശിച്ചവരുടെ പേരുകൾ ഉൾപ്പെടുത്താതെ യോഗത്തിൽ തുടരില്ലെന്നു പറഞ്ഞ് യു.ഡി.എഫ്. കൗൺസിലർമാർ ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം ബി.ജെ.പിയുടെ രണ്ടു കൗൺസിലർമാരും വെൽഫെയർ പാർട്ടി അംഗവും യോഗത്തിൽ തുടർന്നു.
വർക്കിംഗ് കമ്മിറ്റിയിലേക്ക് പേരുകൾ നിർദ്ദേശിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വികസന പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന സാമൂഹ്യ സാങ്കേതിക രംഗത്തെ വിദഗ്ദരെയാണ് വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ചെയർമാൻ പി.രാമചന്ദ്രൻ യോഗത്തിൽ അറിയിച്ചു. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പുതിയ ബസ് സ്റ്റാന്റ്, ചെർപ്പുളശ്ശേരി ബൈപ്പാസ്, ഭവന പദ്ധതികൾ തുടങ്ങിയവയുടെ കരട് രേഖ യോഗത്തിൽ ചർച്ച ചെയ്തു. ചെർപ്പുളശ്ശേരിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 10 കോടിയോളം രൂപയുടെ പദ്ധതികളാണ് കരട് രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.