polio

 പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് നടക്കുമെന്ന് ഡി.എം.ഒ ഡോ. കെ.പി.റീത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് ജില്ലാ വനിതാശിശു ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.പ്രിയ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക് മുഖ്യാതിഥിയാകും.

അഞ്ചുവയസിന് താഴെയുള്ള 2,11,468 കുട്ടികൾക്കാണ് ജില്ലയിൽ വാക്സിനേഷൻ നൽകുന്നത്. ഇതിൽ അതിഥിതൊഴിലാളികളുടെ 742 കുട്ടികളും ഉൾപ്പെടും. വിതരണത്തിനായി 2,33,000 വാക്സിൻ ജില്ലയിൽ എത്തിയിട്ടുണ്ട്. 2115 ബൂത്തുകളിലൂടെയാണ് വിതരണം. ഓരോ ബൂത്തിനും രണ്ട് അംഗങ്ങൾ വീതം ആകെ 4230 പേരും 220 സൂപ്പർവൈസർമാരും ഉണ്ടാകും. ബൂത്തുകളിൽ എത്തി പോളിയോ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും.

കൊവിഡ് ബാധിച്ചവരുടെ കുട്ടികൾക്ക് പിന്നീടായിരിക്കും വാക്സിൻ വിതരണം. വീട്ടിലെ കൊവിഡ് രോഗി നെഗറ്റീവായി 14 ദിവസത്തിന് ശേഷം കുട്ടികൾക്ക് പോളിയോ നൽകും. കുട്ടികൾക്ക് കൊവിഡ് ആണെങ്കിൽ നെഗറ്റീവായി 28 ദിവസത്തിന് ശേഷമാണ് പോളിയോ നൽകുക. ഇതിനായി രണ്ടുപേർ വീതമുള്ള 3124 സംഘങ്ങളെ സജ്ജീകരിച്ചിട്ടുണ്ട്. 314 സൂപ്പർവൈസർമാരെയും ഇതിന് നിയോഗിച്ചു. പോളിയോ നൽകുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ എൻ 95 മാസ്‌കുകൾ, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവ നൽകും.

60 വയസ് കഴിഞ്ഞവർ കുട്ടികൾക്കൊപ്പം വാക്സിൻ കേന്ദ്രത്തിലേക്ക് വരുന്നത് ഒഴിവാക്കണം. മാൾ/ ബസാർ, ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പോളിയോ നൽകും. 150 മൊബൈൽ ടീമുകളും നടത്തിപ്പിന് തയ്യാറാണ്. ശീതീകരിച്ച് കേടുകൂടാതെ വാക്സിൻ സൂക്ഷിക്കുന്നതിന് കേന്ദ്രങ്ങളിൽ തടസമില്ലാത്ത വൈദ്യുതി വിതരണം നടത്താൻ കെ.എസ്.ഇ.ബി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ.നാസർ, ഡോ. ഗീതുമരിയ ജോസഫ് എന്നിവർ പങ്കെടുത്തു.