vanam
കരിമ്പാറ മലമുകളിൽ വനംവകുപ്പ് ഒരുക്കിയ നിരീക്ഷണമേട

നെന്മാറ: ജില്ലയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ ഉണ്ടാകുന്നത് തടയാനായി വനമേഖലയിൽ നിരീക്ഷണമേടയൊരുക്കി വനംവകുപ്പ്. നെല്ലിയാമ്പതി വനം റേഞ്ചിലെ കരിമ്പാറ മലമുകളിലാണ് വനംവകുപ്പ് നിരീക്ഷണമേട തയ്യാറാക്കി വാച്ചറെയും നിയോഗിച്ചിരിക്കുന്നത്.

കുന്നിൻ മുകളിലെ ഈ നിരീക്ഷണമേടയിൽ നിന്ന് നോക്കിയാൽ തെക്കുപടിഞ്ഞാറ് ദിശയിലുള്ള ആലത്തൂർ വനം റേഞ്ചിൽപ്പെട്ട മംഗലംഡാം, കുഞ്ചിയാർപതി, വെള്ളാട്ടിരി, ചൂരൂപാറ, ഓടന്തോട്, കരിങ്കയം എന്നിവിടങ്ങളും നെല്ലിയാമ്പതി റേഞ്ചിലെ അയിലമുടി, കൽച്ചാടി, ഒലിപ്പാറ, പൂഞ്ചേരി, തുടങ്ങിയ സ്ഥലങ്ങളും കാണാൻ കഴിയും. ഇത്തരം വിശാലമായ കുന്നിൻ പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ തീപിടിത്തത്തിന്റെ ഭാഗമായി പുക ഉയരുന്നതോ രാത്രി തീകത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പിന്റെ ആലത്തൂർ, നെല്ലിയാമ്പതി റേഞ്ചുകളിലെ വിവിധ സെക്ഷൻ ജീവനക്കാരെയും ഫയർ വാച്ചർമാരെയും വിവരമറിയിക്കും.

വനമേഖല നിരീക്ഷിക്കുന്നതിനും വിവരം അറിയിക്കാനുമായാണ് ഒരു ഫയർ വാച്ചറുടെ സേവനം വനംവകുപ്പ് ലഭ്യമാക്കിയിട്ടുള്ളത്. മംഗലംഡാം ചൂരുപാറ റോഡിലെ കരിങ്കകയത്ത്, കിഴക്കു ഭാഗത്തെ നെല്ലിയാമ്പതി മലനിരകളെ നോക്കാനും നിരീക്ഷണമേട സജ്ജമാക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.