heat-

 താപനില 36 ഡിഗ്രിയിലേക്ക്

പാലക്കാട്: വേനൽ ആരംഭത്തിന് മുമ്പേ ജില്ലയിൽ ചൂട് കനക്കുന്നു. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ഇന്നലെ ഉയർന്ന താപനില 36 ഡിഗ്രിയും കുറഞ്ഞത് 23 ഡിഗ്രിയും രേഖപ്പെടുത്തി. ജനുവരിയിൽ ഇത് രണ്ടാംതവണയാണ് താപനില 36 ഡിഗ്രി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 26 നായിരുന്നു ഈ വർഷം ആദ്യമായി ചൂട് 36 ഡിഗ്രിയിലെത്തിയത്. ജില്ലയിൽ രാവിലെ തണുപ്പും പകൽ പത്തിന് ശേഷം കനത്ത ചൂടുമാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ ചൂട് കനക്കുമെന്നതിന്റെ സൂചനയാണിത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വേനൽ ആരംഭിക്കുന്നതിന് മുമ്പേ ജില്ലയിലെ പുഴയോര മേഖലകളിൽ ഉൾപ്പെടെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ വേനൽ കടുത്താൽ മുൻ വർഷങ്ങളിലേതുപോലെ ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായേക്കുമെന്ന ആശങ്കയിലാണ് ജനം. നിലവിൽ ജില്ലയിലെ ഡാമുകളിൽ നിന്നും രണ്ടാംവിള നെൽകൃഷിക്കായി ജലവിതരണം നടക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം നേരിടാനായി ഇടവിട്ട ദിവസങ്ങളിൽ മാത്രമാണ് ജലസേചനം നടത്തുന്നത്. നിലവിൽ കുടിവെള്ളാവശ്യത്തിന് ഡാമുകളിൽ ജലം പര്യാപ്തമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.


ഫെബ്രുവരി 28വരെ മലമ്പുഴ ഡാമിലെ ജലവിതരണം തുടരണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. എന്നാൽ, ഫെബ്രുവരി നാലിന് ചേരുന്ന ജില്ലാകളക്ടർ, ഡാം അധികൃതർ, കർഷക സംഘടനകൾ എന്നിവരുടെ യോഗത്തിന് ശേഷമേ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ എന്ന് ഡാം എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ ഡാമിൽ നിലവിൽ 109 മീറ്ററാണ് ജലനിരപ്പ്. പാലക്കാട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
വാളയാർ ഡാമിൽ 200.22 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കൃഷി ആവശ്യത്തിനായി ഉടൻ തന്നെ ഡാം തുറക്കും. പുതുശ്ശേരി, പള്ളത്തേരി, കൊട്ടേക്കാട്, പാറ, എലപ്പുള്ളി എന്നിവിടങ്ങളിലേക്കാണ് കനാൽ വഴി വെള്ളം നൽകുക. 203 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കാഞ്ഞിരപ്പുഴ ഡാമിൽ 95.26 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. 97.5 മീറ്ററാണ് പരമാവധി ജലനിരപ്പ്. ഡാമിൽ നിന്ന് ആർ.ബി.സി, എൽ.ബി.സി കനാലുകളിലൂടെ കാഞ്ഞിരപ്പുഴ മുതൽ ഷൊർണൂർ വരെ കൃഷിയ്ക്ക് നിലവിൽ ജലസേചനം നടത്തുന്നുണ്ട്.