പട്ടാമ്പി: വളാഞ്ചേരി, പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി, പട്ടാമ്പി റോഡുകൾ സംഗമിക്കുന്ന കൊപ്പം ടൗണിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് ജനം. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ടനിര ഇവിടെ പതിവ് കാഴ്ചയായിട്ട് വർഷങ്ങളായി. സ്ഥല പരിമിതി മൂലം നട്ടംതിരിയുകയാണ് യാത്രക്കാർ. ശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനമില്ലാത്തതും സുരക്ഷിത യാത്രയ്ക്ക് വെല്ലുവിളിയാകുന്നു.
അധികൃതരുടെ അനാസ്ഥ മൂലം അനുബന്ധ സൗകര്യങ്ങളൊരുക്കാതെ ട്രാഫിക് സിഗ്നൽ സംവിധാനം നോക്കുകുത്തിയായി നിൽക്കുകയാണ്. നാല് റോഡുകൾ ചേരുന്നയിടത്ത് അമിത വേഗം അപകട ഭീഷണി ഉയർത്തുന്നു. സ്ഥലപരിമിതി കാരണം ഓട്ടോകൾ അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പ്രധാന പാതയിൽ തന്നെയാണ്. ഇതോടൊപ്പം അനധികൃത പാർക്കിംഗും രൂക്ഷമാണ്.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ബസ് സ്റ്റാന്റ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ബസുകൾ നിറുത്തുന്നതും യാത്രക്കാരെ കയറ്റിയിറക്കുന്നതുമെല്ലാം മെയിൻ റോഡിലാണ്. കോടികൾ മുടക്കി നവീകരിച്ച റോഡിൽ അഴുക്കുചാൽ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഇതുമൂലം മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടും. ഇതും ഗതാഗതകുരുക്ക് വർദ്ധിക്കാൻ കാരണമാകുന്നു. നിലവിൽ ഗതാഗത നിയന്ത്രണം ഹോം ഗാർഡുകളാണ് നിർവഹിക്കുന്നത്. തിരക്കേറുന്ന നേരങ്ങളിൽ ഇത് കാര്യക്ഷമമല്ല.
ടൗണിലെ ഗതാഗത പ്രശ്നപരിഹാരത്തിനായി രണ്ടുകോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ പ്രവൃത്തികൾ ഈ മാസം ആരംഭിക്കും. അഴുക്കുചാൽ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.
-കൊപ്പം പഞ്ചായത്ത് അധികൃതർ.