cycle

പാലക്കാട്: സ്കൂട്ടർ മോഹം സഫലമാക്കാൻ പ്രായം തടസ്സമായപ്പോൾ സൈക്കിളിന് സ്വന്തമായി സ്കൂട്ടർ രൂപം നൽകി പതിനഞ്ചുകാരൻ. കണ്ടാൽ സ്കൂട്ടർ. കയറിയിരുന്നാൽ സൈക്കിൾ. ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചാൽ സ്കൂട്ടറായി പറപറപ്പിക്കാം. പെരിങ്ങോട്ടുകുറിശ്ശി ചൂലനൂർ മുരളിക പുഷ്പനിലയത്തിൽ ആദിത്താണ് സ്വന്തമായി 'ചേതക് സൈക്കിൾ' നിർമ്മിച്ച് നാട്ടിലും സ്കൂളിലും സ്റ്റാർ ആയത്. മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരന്റെ സഞ്ചാരം ഇപ്പോൾ ഈ കൗതുക വാഹനത്തിലാണ്.

കാർ ഡ്രൈവറായ അച്ഛൻ കെ. മുരളീധരന് ചേതക് സ്കൂട്ടർ ഉണ്ടായിരുന്നു. കുട്ടിക്കാലത്തേ ഈ സ്കൂട്ടറിനോടു തോന്നിയ ഭ്രമം ആദിത്തിന് കൂടിക്കൂടി വന്നതേയുള്ളൂ. ഒടുവിൽ അച്ഛനോടു പറഞ്ഞു: എനിക്ക് സ്കൂട്ടർ ഓടിക്കണം. അതിനുള്ള പ്രായമാകട്ടെയെന്ന് അച്ഛൻ. വേറെ പോംവഴിയുണ്ടെങ്കിൽ നോക്കാമെന്ന് അച്ഛൻ പറഞ്ഞതോടെയാണ് സ്കൂട്ടർ രൂപത്തിലെ സൈക്കിൾ ആദിത്തിന്റെ മനസ്സിൽ ചക്രമുരുട്ടിത്തുടങ്ങിയത്.

പറളിയിലെ ഒരു വർക്ക്ഷോപ്പിൽ നിന്ന് ചേതക് സ്കൂട്ടറിന്റെ മുൻഭാഗം സംഘടിപ്പിച്ചു.സ്വന്തം സൈക്കിളിൽ അതു ഘടിപ്പിക്കുക എളുപ്പമായിരുന്നില്ല. 27 ദിവസത്തെ പ്രയത്നത്തിന് അച്ഛനും വർക്ക്ഷോപ്പുകാരും കൂടെനിന്നു. മുൻചക്രം സ്കൂട്ടറിന്റേതും പിൻചക്രം സൈക്കിളിന്റേതും. സ്കൂട്ടറിന്റെ കെട്ടും മട്ടും നിലനിറുത്താൻ സൈഡ് ഗ്ലാസ്, എയർ ഹോൺ, ഫോൺ സ്റ്റാന്റ്, ചെറിയ ടൂൾ ബോക്സ്... എല്ലാം സജ്ജമാക്കി. സംഗതി ഒത്തുവന്നപ്പോൾ സൈക്കിളിന് ഭാരം 34 കിലോ. നിറങ്ങൾ പലതും പരീക്ഷിച്ചെങ്കിലും ക്ളിക്കായത് മഞ്ഞ.

ഇനി ഇലക്ട്രിക് മാേട്ടോർ ഘടിപ്പിക്കണം. പക്ഷേ, റോഡിലെ സവാരിക്ക് പ്രത്യേക പെർമിറ്റ് വേണം. രേഖകൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിട്ടുണ്ട്. എല്ലാറ്റിനും പ്രോത്സാഹനവുമായി അമ്മ സുജിതയും ആദിത്തിന്റെ സഹോദരൻ അഖിലുമുണ്ട്. ചിദംബരത്ത് ഡിഗ്രി വിദ്യാർത്ഥിയാണ് അഖിൽ.

പൊലീസ് പിടിച്ചു

സവാരിക്കിടെ അഞ്ചുതവണ പൊലീസിന്റെ മുന്നിൽപ്പെട്ടു. ചിലർ താക്കീത് ചെയ്തു. ചിലർ അഭിനന്ദിച്ചു. നിയമ തടസ്സം നീങ്ങാൻ ഗതാഗത മന്ത്രിക്ക് നിവേദനം കൊടുക്കാനൊരുങ്ങുകയാണ് ആദിത്ത്.