a
ചരിത്ര ഗവേഷണത്തിന്റെ ഭാഗമായി ഡോ.മണികണ്ഠൻ അട്ടപ്പാടിയിൽ

അഗളി: അട്ടപ്പാടിയുടെ ചരിത്രാത്ഭുതങ്ങൾ തേടിയുളള തൃശൂർ വാടാനപ്പിള്ളി സ്വദേശിയും ചരിത്രകാരനുമായ ഡോ.എ.ഡി.മണികണ്ഠന്റെ യാത്ര പത്തുവർഷം പിന്നിടുകയാണ്. മേഖലയിലെ ആദിമ സമൂഹങ്ങളെയും ചരിത്രവും സംബന്ധിച്ച പഠനത്തിലാണ് അദ്ദേഹം.

ഒമ്പതും പത്തും നൂറ്റാണ്ടുകളിലെ നിരവധി ശിലാലിഖിതങ്ങളും വീരക്കല്ലുകളും അദ്ദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്തിട്. ആദിവാസി സമൂഹം അട്ടപ്പാടിയിലേക്ക് കുടിയേറുന്നതിന് വളരെക്കാലം മുമ്പ് തന്നെ ഇവിടെ അഭ്യസ്ത വിദ്യരായ ഒരു ആദിമ സമൂഹം ഉണ്ടായിരുന്നെന്ന് പഠനങ്ങളിൽ വ്യക്തമായി.

നൂറ്റാണ്ടുകൾക്ക് മുമ്പ് കൊറവർ എന്ന വിഭാഗം അട്ടപ്പാടിയിൽ നിലനിന്നിരുന്നു. അജ്ഞാത കാരണങ്ങളാൽ പിന്നീടവർ ഇവിടെ നിന്ന് തുടച്ചുനീക്കപ്പെട്ടു. ഇവർക്ക് എന്ത് സംഭവിച്ചെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. കണ്ടെത്തിയ ശിലാലിഖിതങ്ങളേറെയും ചേരരാജ ഭരണ കാലഘട്ടത്തിലേതാണ്. 2500 വർഷം മുമ്പ് ജനവാസമുണ്ടായിരുന്നതിന് തെളിവുണ്ട്. ബി.സി ആയിരത്തിനും എ.ഡി അഞ്ഞൂറിനും ഇടയിൽ നിലനിന്ന മഹാശിലായുഗത്തിലെ അടക്കം ചരിത്ര പ്രാധാന്യമുള്ള നിരവധി പുരാവസ്തുക്കൾ സംരക്ഷണമില്ലാതെ കാട്ടിൽ നശിക്കുന്നു.

മുംബൈ ഇന്റനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസിലാണ് ഡോ.മണികണ്ഠൻ ജോലി ചെയ്യുന്നത്. അട്ടപ്പാടിയുടെ പൗരാണിക മഹിമ പുറംലോകത്ത് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. ഗവേഷണത്തിന് സഹായകമാകുന്ന വിധത്തിൽ സാമ്പത്തിക സഹായം എവിടെ നിന്നും ഉണ്ടായിട്ടില്ല. മാണി പറമ്പേട്ട് പോലുള്ള ചില സാമൂഹിക പ്രവൃത്തകരുടെ സഹായം മാത്രമാണ് ലഭ്യമായിട്ടുള്ളത്. സർക്കാരോ ഐ.ടി.ഡി.പി.യോ വേണ്ട സഹായങ്ങൾ ലഭ്യമാക്കിയാൽ ഇനിയും കൂടുതൽ പഠനം നടത്താനാകും. അട്ടപ്പാടിയിൽ ഒരു ചരിത്ര മ്യൂസിയത്തിനുള്ള സാദ്ധ്യത ഏറെയാണന്നും അദ്ദേഹം പറയുന്നു.