s
ഭാരതപ്പുഴയുടെ തീരത്ത് സർവേ നടത്തിയ സംഘം

പട്ടാമ്പി: സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭാരതപ്പുഴക്കരയിൽ നടത്തിയ സർവേയിൽ 60 ഇനങ്ങളിൽപ്പെട്ട പക്ഷികളെ കണ്ടെത്തി. തൃശൂർ കോളേജ് ഓഫ് ഫോറസ്റ്ററി പ്രൊഫ.ഡോ.പി.ഒ.നമീർ, സോഷ്യൽ ഫോറസ്റ്ററി പാലക്കാട് ഡിവിഷൻ ഡെപ്യൂട്ടി കൺസവേറ്റർ ജി.ഹരികൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സർവേ നടന്നത്.

ആഷി സ്‌ക്രോണ്ട് സ്പാരോ ലാർക്ക് എന്ന പക്ഷിയെ ആദ്യമായി സ‌ർവേയിലൂടെ പട്ടാമ്പി മേഖലയിൽ കണ്ടെത്തി.

രണ്ടാഴ്ചയ്ക്കകം സർവേയുടെ വിശദാംശം സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് കൈമാറും. നാലു വിഭാഗമായി തിരിച്ചായിരുന്നു സർവേ.

തൃശൂർ ഫോറസ്റ്ററി കോളജ് വിദ്യാർത്ഥികൾ, പട്ടാമ്പി ഗവ.സംസ്‌കൃത കോളേജ് എൻ.എസ്.എസ് അംഗങ്ങൾ, പക്ഷി നിരീക്ഷകരായ വർണ്ണം സുകുമാരൻ, ശിവകുമാർ, മനോജ് എടത്തറ, സി.കെ.സമിത, ഷബീർ തുറയ്ക്കൽ, പരിസ്ഥിതി പ്രവർത്തകരായ സി.പി.പ്രദീപ്, മോഹൻദാസ് ഇടിയത്ത് എന്നിവർ പങ്കെടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ കെ.അബ്ദുൾ റസാഖ്, പി.ശ്രീകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഭദ്രകുമാർ, എം.ഡി.വർഗീസ് നേതൃത്വം നൽകി.

ആഷി സ്‌ക്രാണ്ട് സ്പാരോ ലാർക്ക്

ആഷ് കിരീടവുമായി ലാർക്ക് കുടുംബത്തിലെ അംഗം. തെക്കേ ഏഷ്യയിലുടനീളം തുറസായ നിലം, പുല്ല് മേഖലകളിൽ കണ്ടുവരുന്നു. ഭാരതപ്പുഴയോരത്ത് കണ്ടെത്തുന്നത് ആദ്യമായാണ്. കറുപ്പും വെളുപ്പും നിറങ്ങളിൽ ആൺപക്ഷിയെയും തവിട്ട് നിറത്തിൽ പെൺപക്ഷിയെയും കാണാം. ഹിമാലയത്തിന്റെ തെക്ക് മുതൽ ശ്രീലങ്ക വരെ ഇവയെ കാണാറുണ്ട്. ഒരേ സ്ഥലത്ത് അപൂർവമായി മാത്രമേ ഇവയുടെ സാന്നിദ്ധ്യമുണ്ടാകാറുള്ളൂ. മഴക്കാലത്ത് മറ്റു മേഖലകളിലേക്ക് ഇവ ചേക്കേറും.