പത്തനംതിട്ട: ജില്ലാആശുപത്രിയിൽ കാൻസർ ചികിത്സ നിറുത്തലാക്കിയത് രോഗികളെ ദുരിതത്തിലാക്കി. കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രിയിലായിരുന്നു കാൻസർ ചികിത്സയ്ക്കുള്ള ഓങ്കോളജി വിഭാഗം പ്രവർത്തിച്ചിരുന്നത്. ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയപ്പോൾ കാൻസർ ചികിത്സ നിറുത്തി. പകരം സംവിധാനം ഏർപ്പെടുത്തിയതുമില്ല. ചികിത്സയിലുണ്ടായിരുന്ന രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് റഫർ ചെയ്തത്. ജില്ലയിലെ കാൻസർ രോഗികൾ ചികിത്സയ്ക്കും പെൻഷൻ പുതുക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം ലഭിക്കുന്നതിനും ആശ്രയിച്ചിരുന്നത് ജില്ലാ ആശുപത്രിയേയായിരുന്നു. കൊവിഡ് രോഗ വ്യാപനത്തിനിടെ രോഗ പ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ വാഹനം വിളിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. പലർക്കും പെൻഷൻ പുതുക്കാൻ കഴിഞ്ഞിട്ടില്ല. കൊവിഡ് ആശുപത്രിയല്ലാത്ത പത്തനംതിട്ട ജനറൽ ആശുപത്രിയിലോ മറ്റ് സർക്കാർ ആശുപത്രികളിലോ കാൻസർ രോഗികൾക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനം കാൻസർ സൊസൈറ്റി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകി. ജീവനം സൊസൈറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രമേശ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷഫീക്ക്, വിനു വിദ്യാധരൻ, ഡി. അനിൽകുമാർ, പ്രമോദ് എന്നിവർ സംസാരിച്ചു.