പത്തനംതിട്ട: ഷിഗല്ല രോഗം കൂടുതൽ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ. പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുളളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
ലക്ഷണങ്ങൾ
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിൽ വേദന, പനി, ഛർദ്ദി, ക്ഷീണം.
കുടലിനെ ബാധിക്കും
രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുക. മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കകളെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്.
കുട്ടികളിൽ അപകടം
അഞ്ച് വയസിൽ താഴെ പ്രായമുളള കുട്ടികളിൽ രോഗം ഗുരുതരാവസ്ഥയിൽ എത്തിയാൽ മരണ സാദ്ധ്യത കൂടുതലാണ്. ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ ശരിയായ ചികിത്സ അനിവാര്യമാണ്.
മരുന്നില്ല, ശുചിത്വം വേണം
ഷിഗല്ലയ്ക്ക് പ്രതിരോധ മരുന്നില്ല. വ്യക്തി ശുചിത്വത്തിന് ഊന്നൽ നൽകി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക. രോഗലക്ഷണങ്ങളുളളവർ ആഹാരം പാകംചെയ്യുകയോ വിതരണം ചെയ്യുകയോ അരുത്. ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവയ്ക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഇടപഴകാതിരിക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുടിവെളള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക. വൃത്തിഹീനമായ സാഹചര്യത്തിൽ ലഭിക്കുന്ന ശീതള പാനീയങ്ങൾ കുടിക്കാതിരിക്കുക. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗപകർച്ച ഉണ്ടാകും.
'' വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്‌കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കിണറുകൾ, ടോയ്‌ലെറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ ശുചീകരിക്കാൻ നടപടി സ്വീകരിക്കണം.
ഡോ.എ.എൽ.ഷീജ, ജില്ലാ മെഡിക്കൽ ഒാഫീസർ.