madhusoodhanan
മധുസൂദനൻ

പത്തനംതിട്ട : ചിരട്ടയൊരു പാഴ് വസ്തുവല്ല, മധുസൂദനന്റെ കയ്യിൽ കിട്ടിയാൽ പൂക്കളും പൂമ്പാറ്റയും കിളികളും മരവും ചിരട്ടയിൽ നിന്ന് രൂപപ്പെടും.

ലോക്ക് ഡൗണിൽ പെട്ടപ്പോഴാണ് പന്തളം നരിയാപുരം കൊച്ചുപ്ലാവിലയിൽ ബി. മധുസൂദനൻ ചിരട്ടയെ കൂട്ടുപിടിക്കുന്നത്. പ്രകൃതിയ്ക്ക് ദോഷമല്ലാത്ത രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചിരട്ടയിലെ ശിൽപ്പവിദ്യയിൽ എത്തുകയായിരുന്നു. വീട്ടിൽ അലങ്കാരത്തിനായി ചെറിയ കപ്പുകളൊക്കെയുണ്ടാക്കിയായിരുന്നു തുടക്കം. പിന്നീട് നിലവിളക്കുകളും പാത്രങ്ങളുമൊക്കെയായി. പതിയെ ഭരണിയും കൂജയും ജഗും അലങ്കാര വസ്തുക്കളുമെല്ലാം ചിരട്ടയിൽ പിറന്നു. പെയിന്റും പോളീഷ് ചെയ്തുമാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

മധുസൂദനന്റെ ചിരട്ടയിലെ വൈദഗ്ദ്ധ്യം വാട്‌സ് ആപ്പിലൂടെ നാട്ടുകാരിലുമെത്തി. നിരവധിപേരാണ് ഇപ്പോൾ ചിരട്ട ഉൽപന്നങ്ങളുടെ ആവശ്യക്കാർ. ചിരട്ട കൂടാതെ തെങ്ങിൻ പൂക്കുലയിലും മടലിലും ഇദ്ദേഹം അലങ്കാര വസ്തുക്കൾ ഒരുക്കുന്നു. ഒൻപതാം ക്ലാസുകാരി മകൾ ഹരിതയാണ് ശിൽപ്പങ്ങൾക്ക് വർണ്ണം നൽകുന്നത്. ഭാര്യ രതിയും മകൻ അഖിലും പിന്തുണയുമായി ഒപ്പമുണ്ട്. വിദേശത്ത് ഫോട്ടോഗ്രാഫറായിരുന്ന മധുസൂദനൻ നാട്ടിലെത്തിയിട്ട് പത്ത് വർഷമായി. അച്ഛൻ ഭാസ്‌കരന്റെ പന്തൽ ആൻഡ് ഡെക്കറേഷൻ നോക്കിനടത്തി വരുകയായിരുന്നു. ലോക്ക് ഡൗൺ ആയപ്പോൾ പണി കുറഞ്ഞു. കരകൗശലവിദ്യ കൗതുകത്തിനാണ് തുടങ്ങിയതെങ്കിലും ചെറുകിട വ്യാപാരമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

" രണ്ടരയടി നീളമുള്ള നിലവിളക്ക്, അച്ചാറ് കുപ്പി, ഭരണി, കപ്പുകൾ തുടങ്ങിയ നിരവധി പാത്രങ്ങൾ ചിരട്ട രാകി മിനുക്കിയും ഒട്ടിച്ച് ചേർത്തും ഒരുക്കിയിട്ടുണ്ട്. പലതും പലർക്കും സമ്മാനിച്ചു. "

ബി. മധുസൂദനൻ