school
പരീക്ഷണകാലം അകറ്റണേ... കൊവിഡ് നിയന്ത്രങ്ങൾക്ക് ശേഷം അദ്ധ്യയനം ആരംഭിച്ചപ്പോൾ പത്തനംതിട്ട മാർത്തോമ്മാ സ്കൂളിലെത്തിയ കുട്ടികൾ പ്രാർത്ഥിക്കുന്നു.

പത്തനംതിട്ട : അന്നയും ഹരിശ്രീയും ഓടി അടുത്ത് വന്നെങ്കിലും കെട്ടിപിടിക്കാനോ കൈ പിടിക്കാനോ കഴിയില്ല. കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ്. പക്ഷെ കൊവിഡ് മാനദണ്ഡപ്രകാരം ആർക്കും അടുത്തിരിക്കാൻ പറ്റില്ല. ഒരു ബഞ്ചിൽ ഒരാൾ മാത്രം. സ്കൂളിൽ എത്തിയപ്പോൾ കൂട്ടുകാരോടൊപ്പം തുള്ളിച്ചാടാനാണ് തോന്നിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അടച്ചിട്ട കൂട്ടിൽ നിന്ന് പുറത്ത് വന്നത് പോലെയുള്ള അനുഭവം. സ്വാതന്ത്ര്യമൊക്കെ ഇവിടെ സ്കൂളിലാണ്. ഫോണും കമ്പ്യൂട്ടറും എല്ലാം മുമ്പ് കിട്ടക്കനി ആയിരുന്നെങ്കിൽ ഇത്തവണ എല്ലാം കൈപ്പിടിയിൽ ഉണ്ടായിരുന്നു. മുമ്പ് ഒരവധി കിട്ടാൻ കാത്തിരുന്നിട്ടുണ്ട്. എന്നാൽ ഇനി അവധി വേണ്ടെന്നാണ് കുട്ടികളുടെ പക്ഷം.

ഒൻപത് മാസത്തിന് ശേഷം കുട്ടികൾ സ്കൂളിൽ

ഒൻപത് മാസത്തിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾ സ്‌കൂളിലെത്തി. 10, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് ഇന്നലെ ക്ലാസ് ആരംഭിച്ചത്. ശാരീരിക അകലം പാലിച്ച്, മാസ്‌ക് ധരിച്ചാണ് എല്ലാവരും സ്കൂളിലെത്തിയത്. തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി സാനിറ്റൈസർ നൽകിയതിന് ശേഷം വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചു. ക്ലാസുകൾക്ക് പുറത്തും സാനിറ്റൈസർ ക്രമീകരിച്ചിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കുന്നതിനായി സ്‌കൂളുകളിൽ പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്. സ്‌കൂളിന്റെ ഭിത്തികളിൽ മാർഗ നിർദേശങ്ങളുടെ പോസ്റ്ററുകളും പതിച്ചിരുന്നു. ഒരു ക്ലാസിൽ 15 കുട്ടികൾ മാത്രമാണുള്ളത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്നതാണ് കണക്ക്. രാവിലെ 9.30ന് ഹയർ സെക്കൻഡറി കുട്ടികൾക്കും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും ക്ലാസ് ആരംഭിച്ചു. 12.30 വരെയാണ് ആദ്യ ബാച്ചിന് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പഠിപ്പിച്ച പാഠഭാഗങ്ങളുടെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് വിഭാഗമായാണ് ക്ലാസുകൾ. രാവിലെ ഒന്നര മണിക്കൂർ വീതം രണ്ട് ക്ലാസുകൾ ഹയർ സെക്കൻഡറിക്കും ഹൈസ്‌കൂളിനുമായി ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള കുട്ടികൾക്ക് ഒരു മണി മുതൽ നാല് മണി വരെയാണ് ക്ലാസ്.