പത്തനംതിട്ട: കാർഷിക ഉൽപ്പാദനത്തിനും വിഭവ സംഭരണത്തിനും മുൻഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ പറഞ്ഞു. പ്രസ് ക്ളബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ല്, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ കൃഷി വ്യാപകമാക്കും. വിഭവങ്ങൾ ജില്ലയിൽ തന്നെ വിറ്റഴിക്കാൻ വിപണി തുറക്കും. തരിശ് ഭൂമിയിൽ കൃഷിയിറക്കും. നിലവിൽ 3000 ഹെക്ടറിലാണ് നെൽകൃഷി. 453 ഹെക്ടറിൽ കൂടി വ്യാപിപ്പിക്കും. കൊടുമൺ റൈസ്, ഇരവിപേരൂർ റൈസ് മാതൃക ജില്ലയിൽ വിപുലമാക്കും. കൊടുമണ്ണിൽ നെല്ലുകുത്ത് ഫാക്ടറി സ്ഥാപിക്കും. ഇതിന് 59 ലക്ഷം വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത മറ്റ് സ്ഥലങ്ങളിലും നെല്ലുകുത്ത് ഫാക്ടറി സ്ഥാപിക്കും. കൃഷി ചെയ്യുന്ന നെല്ല് അരിയാക്കിയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായ അരി വിപണി തുടങ്ങാനും ഇത് സഹായിക്കും. നിലവിൽ ആവശ്യത്തിന്റെ നാലിലൊന്ന് ഭാഗം നെല്ലാണ് ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്നത്. പന്തളം, ആറൻമുള, ഒാമല്ലൂർ നെൽപ്പാടങ്ങളിൽ കൃഷിയിറക്കും. അപ്പർകുട്ടനാട്ടിലെ കൃഷിക്ക് പ്രാത്സാഹനം നൽകും.
ജില്ലയിൽ 193 ഹെക്ടറിൽ പച്ചക്കറിയും 489 ഹെക്ടറിൽ വാഴയും കൃഷി ചെയ്യുന്നുണ്ട്. ഇത് വിപുലമാക്കാൻ ജില്ലാ പഞ്ചായത്ത് കർമ്മ പദ്ധതി തയ്യാറാക്കും. ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാർ അനുവദിച്ച 5.99 കോടി ഉപയോഗിച്ച് ഭവന നിർമാണ പദ്ധതി പൂർത്തിയാക്കും.
പ്ളാസറ്റിക് ഉപയോഗം ഇല്ലാതാക്കാൻ നടപടിയുണ്ടാകും. സ്കൂളുകളിൽ ശുചിമുറികളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കും.
ചരിത്ര സ്മാരകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ വിനോദ യാത്രകൾ ഒരുക്കും. തീർത്ഥാടക ടൂറിസം പരിപോഷിപ്പിക്കും. ആറൻമുളയെയും പത്മനാഭപുരം കൊട്ടാരത്തെയും ബന്ധിപ്പിച്ച് സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ടൂറിസം പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് സഹായം നൽകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിലെ ഘടകക്ഷികൾ തമ്മിൽ വീതം വയ്ക്കുകയാണോ എന്ന ചോദ്യത്തിന് 5 വർഷവും താൻ ജില്ലാ പഞ്ചായത്തിലുണ്ടാകുമെന്ന് ഒാമല്ലൂർ ശങ്കരൻ പറഞ്ഞു.
യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകും: രാജി പി. രാജപ്പൻ
യുവാക്കളുടെയും വനിതകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ പറഞ്ഞു. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കും.
മീറ്റ് ദ പ്രസിൽ പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജുകുര്യൻ സംസാരിച്ചു.
.